ശാസ്താം കോട്ട . വളർന്നു വലുതായി വീടിനും നാടിനും താങ്ങാകാൻ മോഹിച്ച് പഠിക്കാനെത്തിയ കുഞ്ഞ് പുത്രന് സുരക്ഷയൊരുക്കാനാവാതെ പോയ ദുഃഖത്തിൽ കണ്ണീരോടെ വിട പറഞ്ഞ് തേവലക്കര ബോയ്സ് ഹൈസ്കൂൾ .
പഠിച്ച സ്കൂളിൻ്റെ സൈക്കിൾ ഷെഡിനു മുകളിൽ വീണ സഹപാഠിയുടെ ചെരിപ്പ് എടുത്തു നൽകാൻ കയറി വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ച മിഥുൻ്റെ (13) അന്ത്യയാത്ര വികാര നിർഭരമായിരുന്നു. താലൂക്ക് ആശുപത്രിയിൽ നിന്നും വിലാപയാത്രയായി സ്കൂളിലെത്തിച്ച ഭൗതിക ദേഹത്തിന് വഴി നീളേ നാട്ടുകാർ അന്ത്യോപചാരമർപ്പിച്ചു.
ഗദ്ഗദം പോലെ ഇടയ്കിടെ മാനം മൂടി പെയ്ത മഴയേയും വിഗണിച്ച് തേവലക്കര ബോയ്സ് സ്കൂളിൽ ആയിരങ്ങളാണ് കാത്തു നിന്നിരുന്നത് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക നേതാക്കളും ഭൗതികദേഹത്തെ അനുയാത്ര ചെയ്തു.
കുവൈറ്റിൽ നിന്നും മാതാവ് സുജ രാവിലെ നെടുമ്പാശേരി എയർപോർട്ടിൽ എത്തി വീട്ടിലേക്ക് തിരിച്ചിട്ടുണ്ട് . സ്കൂളിൽ നിന്നും മടങ്ങുന്ന മിഥുനേ കാത്ത് വഴി നീളേ ജനം നിൽപ്പുണ്ട്.