കൊല്ലം. തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി വകുപ്പിനും സ്കൂൾ മാനേജ്മെന്റിനും തുല്യമായി വീഴ്ച സംഭവിച്ചിട്ടുണ്ട്. നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനിടയിൽ കൂടി യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ വൈദ്യുതി ലൈൻ വളരെ താഴ്ന്ന നിലയിലാണ് സ്ഥാപിച്ചിട്ടുള്ളത്. അപകടം ക്ഷണിച്ചു വരുത്തുന്ന ഈ പ്രവർത്തി മൂലമാണ് വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടത്. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന കിടന്നിട്ടും കുട്ടികളുടെ സുരക്ഷ മുൻനിർത്തി വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താതെ സിപിഎം നേതൃത്വം നൽകുന്ന സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ പിഴവാണ്.
ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥരെ ബലിയാടാക്കിക്കൊണ്ട് മാത്രം ഇത്തരം അനാസ്ഥകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ കഴിയില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിയന്തരമായി സേഫ്റ്റി ഓഡിറ്റ് നടത്തുവാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണം. കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഉള്ള സമാനമായ വീഴ്ച മൂലം സംസ്ഥാനത്ത് ഇതിനോടകം നൂറുകണക്കിന് ആൾക്കാർ വൈദ്യുതി ആഘാതം ഏറ്റ് മരണപ്പെട്ടിട്ടുണ്ട്. മനുഷ്യൻ ജീവന് യാതൊരു വിലയും നൽകാതെയുള്ള ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആകില്ല.
മരണപ്പെട്ട മിഥുന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിനോടൊപ്പം കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും സ്കൂൾ മാനേജ്മെന്റിനെതിരെയും കേസെടുത്ത് ക്രിമിനൽ നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.