ശാസ്താംകോട്ട:കൊല്ലം – തേനി, ഭരണിക്കാവ് – വണ്ടിപ്പെരിയാർ ദേശീയപാതകൾ കടന്നു പോകുന്ന ഭരണിക്കാവ് ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ സ്വകാര്യ -കെഎസ്ആർടിസി ബസുകൾ പൂർണമായും കയറുന്ന നിലയിൽ ബസ് സ്റ്റാൻ്റ് പ്രവർത്തനക്ഷമമാക്കാൻ ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അടിയന്തിര യോഗം തീരുമാനിച്ചു.ജൂലൈ 28ന് മുൻപായി സ്റ്റാൻ്റ് പ്രവർത്തിച്ചു തുടങ്ങും.
കരുനാഗപ്പള്ളിയിൽ നിന്നും കുമരഞ്ചിറ,കോഴിമുക്ക് വഴിയും ചക്കുവള്ളി ഭാഗത്ത് നിന്നും ഭരണിക്കാവിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകൾ പടിഞ്ഞാറ് ഭാഗത്തു കൂടി സ്റ്റാൻ്റിൽ പ്രവേശിച്ച് അത് വഴിതന്നെ മടങ്ങേണ്ടതാണ്.ഈ ബസുകൾ ഭരണിക്കാവ് ടൗണിൽ പ്രവേശിക്കാൻ പാടുള്ളതല്ല.ശാസ്താംകോട്ട ഭാഗത്തു നിന്നും ഭരണിക്കാവിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകൾ ചക്കുവള്ളി റോഡ് വഴി പടിഞ്ഞാറ് ഭാഗത്തു കൂടി സ്റ്റാൻ്റിൽ പ്രവേശിച്ച് അത് വഴി മടങ്ങണം.കടപുഴ ഭാഗത്തു നിന്നും എത്തുന്ന ബസുകൾ ചക്കുവള്ളി റോഡ് വഴി പടിഞ്ഞാറ് ഭാഗത്തു കൂടി സ്റ്റാൻ്റിൽ പ്രവേശിച്ച് തിരികേ കിഴക്കേ കവാടം വഴി
പോകേണ്ടതാണ്.ചക്കുവള്ളി, ശാസ്താംകോട്ട,കുമരഞ്ചിറ ഭാഗത്തു നിന്നും അടൂർ,കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന ബസുകൾ പടിഞ്ഞാറ് ഭാഗത്തു കൂടി സ്റ്റാൻ്റിൽ പ്രവേശിച്ച് തിരികേ കിഴക്കേ കവാടം വഴി പോകേണ്ടതും ഈ ഭാഗത്തു നിന്നും വരുന്ന ബസുകൾ കിഴക്കേ കവാടം വഴി പ്രവേശിച്ച് പടിഞ്ഞാറെ ഗേറ്റു വഴി പോകേണ്ടതാണ്.ഭരണിക്കാവിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വാഹനങ്ങൾ ഭരണിക്കാവ്,ശാസ്താംകോട്ട ഭാഗങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.സ്റ്റാൻ്റിലേക്ക്
അടൂർ,കൊട്ടാരക്കര ഭാഗത്തു നിന്നുള്ള റോഡിന് വീതി കൂട്ടുന്നതിന് ഭൂമി ഏറ്റെടുക്കാൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തി.ട്രാഫിക് സിഗ്നലിൽ അടിയന്തിരമായി ടൈമർ സ്ഥാപിക്കും.

ജംഗ്ഷനിൽ വ്യാപാര സ്ഥാപനങ്ങളുടെ ഇറക്കുകൾ പൊളിച്ചു മാറ്റുന്നതിന് റവന്യൂ,പോലീസ്,പൊതുമരാമത്ത് വകുപ്പുകളെ ചുമതലപ്പെടുത്തി.ടൗൺ നോ പാർക്കിംഗ് സോണായി പ്രഖ്യാപിക്കും.അനധികൃതമായി പാർക്ക് ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കാനും യോഗം തീരുമാനിച്ചു.സ്റ്റാൻ്റ് പ്രവർത്തനം ആരംഭിച്ചാൽ ജംഗ്ഷനിൽ നിന്നും ബസ്സുകളിൽ യാത്രക്കാരെ കയറ്റാൻ പാടില്ലാത്തതും എന്നാൽ യാത്രക്കാരെ ഇറക്കാവുന്നതുമാണ്.സ്റ്റാൻ്റിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതുമാണ്.ടൗണിൽ അനധീകൃതമായി ചികിത്സിരിവ് നടന്നുന്നവരെ ഒഴിപ്പിക്കാൻ പോലീസിനെ ചുമതലപ്പെടുത്തി. ഊക്കൻ മുക്കിലും മണക്കാട്ട് മുക്കിലും സൈൻ ബോർഡുകൾ സ്ഥാപിക്കും.സ്റ്റാൻ്റിലെ അനധികൃത പാർക്കിങ്ങുകളും ഒഴിപ്പിക്കും.ആർടിഒ,പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിഷ്കരണം പൂർണമായും നടപ്പാക്കേണ്ടത്.യോഗത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ,പഞ്ചായത്ത് പ്രസിഡൻ്റ് ഗീത,വൈസ് പ്രസിഡൻ്റ് ഗുരുകുലം രാകേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,പോലീസ്,മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.