കുന്നത്തൂർ:ജനവാസ മേഖലയിലും പ്രധാന പാതയിലും കാട്ടുപന്നി എത്തിയതോടെ കുന്നത്തൂരിൽ ജനങ്ങൾ ആശങ്കയിൽ.കുന്നത്തൂർ ഫാക്ടറി ജംഗ്ഷന് സമീപവും നെടിയവിള ക്ഷേത്ര മൈതാനിയിലും കൊട്ടാരക്കര – ഭരണിക്കാവ് പ്രധാനപാതയിലുമാണ് കാട്ടുപന്നിയെ നാട്ടുകാരും യാത്രക്കാരും കണ്ടത്.ക്ഷേത്ര മൈതാനിയിൽ നിന്ന് ഓടിയെത്തിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും സ്കൂട്ടറിൽ വരികയായിരുന്ന കുന്നത്തൂർ കിഴക്ക് സ്വദേശി അനന്തുകൃഷ്ണൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.പിന്നീട് പന്നി തിരക്കേറിയ പാതയിലൂടെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു.കുന്നത്തൂർ ഫാക്ടറി ജംഗ്ഷന് സമീപം രാത്രികളിൽ കൂട്ടമായി സഞ്ചരിക്കുന്ന കാട്ടുപന്നികളെ കാണാൻ കഴിയും.ഈ സമയം വാഹനങ്ങൾ നിർത്തിയിടുന്നതിനാലാണ് അപകടങ്ങൾ ഒഴിവാകുന്നത്.അടിയന്തിരമായ പഞ്ചായത്ത് അധികൃതർ പ്രശ്നത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.