വാർത്ത തുണയായി:നാട്ടുകാർക്ക് വഴിയൊരുക്കാൻ ശ്രമദാനവുമായി കോൺഗ്രസ്

311
Advertisement

കുന്നത്തൂർ:സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധിയാളുകൾ യാത്ര ചെയ്യുന്ന പഞ്ചായത്ത് റോഡ് തകർന്ന് കാട് കയറിയിട്ടും സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയ്യാറാകാതിരുന്നതിനെ തുടർന്ന് കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമദാനത്തിലൂടെ റോഡ് സഞ്ചാരയോഗ്യമാക്കി.ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ന്യൂസ് അറ്റ് നെറ്റിൽ വിശദമായ വാർത്ത പ്രസിദ്ധികരിച്ചിരുന്നു.വാർത്ത വലിയ ചർച്ചയാകുകയും പ്രശ്നത്തിൽ കോൺഗ്രസ് പ്രവർത്തകർ ഇടപെടുകയുമായിരുന്നു.മൂന്ന് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ റോഡ് സഞ്ചാരയോഗ്യമാക്കാൻ കഴിഞ്ഞു.കുന്നത്തൂർ ടൗൺ വാർഡിലെ ജനങ്ങളാണ് പുറംലോകത്തേക്ക് എത്താനുള്ള എളുപ്പമാർഗമായ റോഡ് കാട് കയറിയതോടെ ദുരിതത്തിലായത്.

നെടിയവിള ക്ഷേത്രത്തിനു സമീപത്തു നിന്നും ആരംഭിച്ച് ഗുരുമന്ദിരം ജംഗ്ഷനിലെത്തുന്ന റോഡാണ് വർഷങ്ങളായി കാട് കയറി തകർന്നത്.ഈ റോഡിൽ പുത്തൂരേത്ത് ഭാഗത്ത് അരകിലോമീറ്റർ ദൂരത്താണ് കല്ലിളകിയും കാട് കയറിയും യാത്ര ദുരിതമായത്.അരയാൾ പൊക്കത്തിൽ കാട് മൂടിയ റോഡിൽ മധ്യഭാഗത്തുള്ള നടവഴിയിലൂടെയാണ് പ്രദേശവാസികൾ സഞ്ചരിച്ചിരുന്നത്.സ്കൂളിലും അംഗൻവാടിയിലും ഉൾപ്പെടെ പഠിക്കാൻ പോകുന്ന ചെറിയ കുട്ടികളടക്കം ഇഴജന്തുക്കൾ വിഹരിക്കുന്ന പാതയിലൂടെ ഭയപ്പാടോടെയാണ് യാത്ര ചെയ്യുന്നത്.ഇതിനാൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ കൂട്ടിന് പോകേണ്ട അവസ്ഥയിലായിരുന്നു.പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരടക്കം നൂറിലധികം കുടുംബങ്ങൾ അധിവസിക്കുന്ന മേഖലയാണ് ഈ പ്രദേശം.കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കാരയ്ക്കാട്ട് അനിൽ റോഡ് നവീകരണം ഉദ്ഘാടനം ചെയ്തു.ഹരികുമാർ കുന്നത്തൂർ അധ്യക്ഷത വഹിച്ചു.കുന്നത്തൂർ പ്രസാദ്,ഹരി പുത്തനമ്പലം,ഉമേഷ് കുന്നത്തൂർ,അനന്തു കുന്നത്തൂർ,ആരോമൽ രാജീവ്,റോഷൻ,അഖിൽ കൃഷ്ണൻ, രോഹിത്ത്,ശരവൺ,പ്രദേശവാസികളായ
പുത്തൂരംവീട്ടിൽ സീമ,വിശാഖ് വിശ്വംഭരൻ, അനന്യ ചന്ദ്രൻ,മായാ.ജി.കുറുപ്പ്,സുജാത, സീന,റീന,തങ്കച്ചൻ എന്നിവർ ശ്രമദാനത്തിൽ പങ്കാളികളായി.

Advertisement