ശാസ്താംകോട്ട:ആരോഗ്യവകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.പോലീസ് നടത്തിയ ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മാർച്ചിനിടെയാണ് ഇന്ന് രാവിലെ സംഘർഷം ഉണ്ടായത്.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ് ആരോമൽ,ഡിസിസി എക്സിക്യൂട്ടീവ് അംഗം തുണ്ടിൽ നൗഷാദ്,അബ്ദുള്ള,സത്യൻ എന്നിവർക്കാണ് പോലീസ് അതിക്രമത്തിൽ പരിക്കേറ്റത്.ലാത്തിച്ചാർജിൽ തലയ്ക്കും,കൈ കാലുകൾക്കുമാണ് പരിക്കേറ്റത്.ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് താലൂക്ക് ആശുപത്രി കവാടത്തിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.തുടർന്ന് ബാരിക്കേഡ് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചത് പോലീസുമായി നേരിയ സംഘർഷത്തിന് കാരണമായി.എന്നാൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയും പ്രതിഷേധ യോഗത്തോടെ പരിപാടി സമാപിക്കുകയും ചെയ്തു.കെപിസിസി ജനറൽ സെക്രട്ടറി എം.എ നസീർ യോഗം ഉദ്ഘാടനം ചെയ്യുകയും മറ്റ് നേതാക്കൾ പ്രസംഗിക്കുകയും ചെയ്ത ശേഷമാണ് സംഘർഷം ഉണ്ടായത്.പരിപാടി സമാപിച്ചതിനുശേഷം പിരിഞ്ഞുപോയ പ്രവർത്തകർക്ക് നേരെയാണ് പോലീസ് ലാത്തി ചാർജ് നടത്തിയതെന്ന് ആക്ഷേപമുണ്ട്.സംഭവത്തിൽ കൂടുതൽ പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് നടന്ന മാർച്ചിൽ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്നു വൈകിട്ട് 5 മണിക്ക് മണ്ണെണ്ണ മുക്കിൽ നിന്നും ശാസ്താംകോട്ടയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് കോൺഗ്രസ്
ബ്ലോക്ക് പ്രസിഡൻ്റുമാരായ കാരയ്ക്കാട്ട് അനിൽ,വൈ.ഷാജഹാൻ എന്നിവർ അറിയിച്ചു.