കുന്നത്തൂർ:സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധിയാളുകൾ യാത്ര ചെയ്യുന്ന പഞ്ചായത്ത് റോഡ് തകർന്ന് കാട് കയറിയിട്ടും സഞ്ചാരയോഗ്യമാക്കാൻ നടപടിയില്ലെന്ന് പരാതി.ഇതോടെ കുന്നത്തൂർ ഗ്രാമപഞ്ചായത്ത് ടൗൺ വാർഡിലെ ജനങ്ങളാണ് ദുരിതത്തിലായത്.നെടിയവിള ക്ഷേത്രത്തിനു സമീപത്തു നിന്നും ആരംഭിച്ച് ഗുരുമന്ദിരം ജംഗ്ഷനിലെത്തുന്ന റോഡാണ് വർഷങ്ങളായി തകർന്നത്.ഈ റോഡിൽ പുത്തൂരേത്ത് ഭാഗത്ത് അരകിലോമീറ്റർ ദൂരത്താണ് കല്ലിളകിയും കാട് കയറിയും യാത്ര ദുഷ്കരമായിരിക്കുന്നത്.
സാമാന്യം വീതി ഉണ്ടായിരുന്ന ഇവിടെ ഇരു ഭാഗത്തും സ്വകാര്യവ്യക്തികൾ പുറമ്പോക്ക് കയ്യേറി മതിൽ നിർമ്മിച്ചതും പ്രശ്നമായിട്ടുണ്ട്.അരയാൾ പൊക്കത്തിൽ കാട് മൂടിയ റോഡിൽ മധ്യഭാഗത്തുള്ള നടവഴിയിലൂടെയാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്.നെടിയവിള ഗവ.എൽ.പി സ്കൂളിലും അംഗൻവാടിയിലും ഉൾപ്പെടെ പഠിക്കാൻ പോകുന്ന ചെറിയ കുട്ടികളടക്കം ഭയപ്പാടോടെയാണ് യാത്ര ചെയ്യുന്നത്.കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ കൂട്ടിന് പോകേണ്ട അവസ്ഥയാണ് ഇപ്പോൾ.അണലിയും മൂർഖൻ പാമ്പുകളും ധാരാളമായി വഴിയിൽ ഉണ്ടെന്നതാണ് ഇതിന് കാരണം.തെരുവ് നായ്ക്കളും കുറവല്ല.അടുത്തിടെ കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വിശാഖത്തിൽ വിശാഖിൻ്റെ ഭാര്യ ഷിൻ്റോയ്ക്ക് (28) തെരുവ് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു.
ഏതാനും മാസം മുമ്പ് ഇതു വഴി യാത്ര ചെയ്ത വയോധികൻ കല്ലിൽ തട്ടിവീണ് മരണപ്പെട്ട സംഭവവും ഉണ്ടായി.പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരടക്കം നൂറിലധികം കുടുംബങ്ങൾ അധിവസിക്കുന്ന മേഖലയാണ് ഈ പ്രദേശം.തോട്ടത്തുംമുറി,ഐവിള, കുന്നുംപുറം ഭാഗങ്ങളിൽ നിന്നുള്ളവർ എളുപ്പവഴിയായി ഈ പാതയാണ് ഉപയോഗിച്ചിരുന്നത്.എന്നാൽ കാട് മൂടിയതോടെ ഈ പാത്ര ഉപേക്ഷിച്ചിരിക്കയാണ്. പ്രദേശവാസികളെ അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രിയിൽ എത്തിക്കുന്നതിനും പാതയുടെ ശോചനീയാവസ്ഥ പ്രശ്നമാകാറുണ്ട്.വാർഡ് മെമ്പറോട് വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.അടിയന്തിരമായി പാത നവീകരിച്ചില്ലെങ്കിൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ പ്രദേശത്തുള്ളവർ വോട്ട് ബഹിഷ്ക്കരിച്ച് പ്രതിഷേധിക്കുമെന്ന് പുത്തൂരംവീട്ടിൽ സീമ പറഞ്ഞു.നൂറോളം കുടുംബങ്ങളുടെ പ്രധാന സഞ്ചാരമാർഗമായ റോഡ് നവീകരിക്കാൻ നടപടി സ്വീകരിക്കാത്ത പക്ഷം പഞ്ചായത്തിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കുന്നത്തൂർ പ്രസാദ് അറിയിച്ചു.