ശാസ്താംകോട്ട:സ്വകാര്യ വ്യക്തി വിലയാധാരം വാങ്ങിയ ഭൂമിയിൽ നിന്നും സർക്കാർ അനുമതിയോടെ മണ്ണെടുത്ത് മാറ്റുന്നത് തടഞ്ഞ സിപിഎം നേതാക്കൾ ഉടമയെ ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സിപിഎം നേതൃത്വം.കഴിഞ്ഞ ദിവസം ശൂരനാട് ഏരിയാ കമ്മിറ്റി ഓഫീസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.സോമപ്രസാദ്,ജില്ലാ പ്രസിഡൻ് എസ്.സുദേവൻ എന്നിവർ പങ്കെടുത്ത രഹസ്യ യോഗത്തിലാണ് തീരമാനമായത്.
ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ശിവശങ്കരപിള്ള,ജില്ലാ കമ്മിറ്റിയംഗം സത്യദേവൻ,ഏരിയാ സെക്രട്ടറി ശശി എന്നിവരുൾപ്പെട്ട മൂന്നംഗ കമ്മീഷനെയാണ് നിയമിച്ചത്.എന്നാൽ കമ്മീഷന് കാലാവധി നിശ്ചയിക്കാത്തതിനാൽ അന്വേഷണമെന്നത് പരാതിക്കാരുടെ
കണ്ണിൽ പൊടിയിടാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഒരു വർഷം മുമ്പാണ് സിപിഎം ഏരിയാ കമ്മിറ്റിയംഗം ഉൾപ്പെടെ 3 പേർക്കെതിരെ കോഴ ആരോപണം ഉയർന്നത്.ശൂരനാട് ഏരിയാ കമ്മിറ്റിയിലും പോരുവഴി ലോക്കൽ കമ്മിറ്റിയിലും പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തുകയുണ്ടായി.അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.ജില്ലാ സമ്മേളനത്തിലും കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലുമടക്കം കോഴ വിവാദം ചർച്ചയായതോടെ പരാതിക്കാരോട് നേതൃത്വം തെളിവുകൾ ആവശ്യപ്പെട്ടു.തുടർന്ന് പണം കൈപ്പറ്റിയതിൻ്റെ രേഖകൾ അടക്കം കൃത്യമായ തെളിവുകൾ ഹാജരാക്കിയതോടെയാണ് അന്വേഷണം പ്രഖ്യാപിക്കാൻ നേതൃത്വം തയ്യാറായത്.കോഴ വിവാദത്തിൽപ്പെട്ട നേതാവിന് ഉന്നത നേതാവുമായുള്ള അടുത്ത ബന്ധമാണ് അന്വേഷണം നീളാൻ കാരണമെന്നാണ് വിവരം.മുഖ്യമന്ത്രിയുടെ നവകേരള സദസ് നടന്ന ചക്കുവള്ളി ടൗണിനോട് ചേർന്ന സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞ് കോഴ വാങ്ങിയതാണ് വിവാദമായത്.ഏരിയാ കമ്മിറ്റിയംഗം 3 ലക്ഷം,ലോക്കൽ കമ്മിറ്റിയംഗം 2 ലക്ഷം, മുൻ ലോക്കൽ കമ്മിറ്റിയംഗം 3 ലക്ഷം എന്നിങ്ങനെയാണ് കൈപറ്റിയത്.കോഴ വാങ്ങിയ ഏരിയ നേതാവ് ഉൾപ്പെടെയുള്ളവർ ചേർന്ന് കോഴ വാങ്ങിയ ഭൂമി കമ്മീഷൻ വ്യവസ്ഥയിൽ മുൻപ് വില്പനയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.ഇതിനു ശേഷമാണ് ഇവരുടെ ഇടനില ഇല്ലാതെ മറ്റൊരാൾ ഭൂമി വാങ്ങിയത്.തുടർന്ന് മണ്ണെടുക്കാൻ എത്തിയപ്പോഴാണ് മതിൽ റോഡിലേക്ക് വീഴുമെന്ന തടസവാദമുയർത്തി മണ്ണെടുപ്പ് തടയുകയും ലക്ഷങ്ങൾ കോഴ വാങ്ങുകയും ചെയ്തതെന്നാണ് വിവരം