ശാസ്താംകോട്ട:വെളിച്ചെണ്ണ വില ദിവസംതോറും കുതിച്ചുയരുമ്പോൾ വിപണിയിൽ ‘വ്യാജ വെളിച്ചെണ്ണ’യുടെ വില്പനയും വർദ്ധിക്കുന്നതായി പരാതി.കൊപ്രാ ക്ഷാമം രൂക്ഷമായതോടെ സർക്കാർ ഉടമസ്ഥതയിലുള്ള കേരയുടെ ഉല്പാദനം കുറഞ്ഞതും വില കൂടിയതുമാണ് വ്യാജ വെളിച്ചെണ്ണ സുലഭമാകാൻ കാരണം.ചെറുകിട വെളിച്ചെണ്ണ മില്ലുകളിൽ ഉല്പാദനം കുറഞ്ഞതും തിരിച്ചടിയായി.മില്ലുകളിൽ കിലോയ്ക്ക് 450 രൂപയാണ് നിലവിലെ വില.തമിഴ്നാട്ടിൽ കൊപ്ര വില കുതിച്ചുയർന്നതും കേരളത്തിൽ ഉല്ലാദനം കുറഞ്ഞതുമാണ് തിരിച്ചടിയായത്.ഈ സാഹചര്യം മുതലെടുത്താണ് വിപണയിൽ വ്യാജ വെളിച്ചെണ്ണ വ്യാപമായി എത്തിയത്.തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളിലെ മില്ലുകളിലും ഗോഡൗണുകളിലും കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായതും അറപ്പുളവാക്കുന്നതുമായ കൊപ്ര നാമമാത്ര വിലയിൽ ശേഖരിച്ച്
കെമിക്കത്സ് ഉപയോഗിച്ച് നിർമ്മിക്കുന്ന വെളിച്ചെണ്ണയാണ് ഇത്തരത്തിൽ വിൽക്കപ്പെടുന്നത്.ആരോഗ്യത്തിന് ഏറെ ഹാനികരമായ ചേരുവകളാണ് വെളിച്ചെണ്ണ നിർമ്മാണത്തിനായി ഉപയോഗിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ധർ പോലും പറയുന്നു.കേരളത്തിലെ ജനകീയ ബ്രാൻഡായ കേരയുടെ പേരിന് സമാനമായുള്ള പേരുകളിലാണ് കൂടുതലായും വ്യാജൻ വില്ക്കപ്പെടുന്നത്.സൂപ്പർ മാർക്കറ്റുകൾ വഴിയാണ് പ്രധാനമായും വില്പന നടക്കുന്നത്.കേരയുടെ വിലയെക്കാൾ 50 മുതൽ 60 രൂപ വരെ വില കുറച്ച് വില്പന നടത്തുന്നതിനാൽ കച്ചവടവും ഉഷാറാണ്.അതിനിടെ വിപണിയിൽ വ്യാജ വെളിച്ചെണ്ണ സുലഭമായിട്ടും പേരിനു പോലും പരിശോധന നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്.