ഇന്ന് ഡോക്ടേഴ്സ് ഡേ
ശാസ്താംകോട്ട:കണ്ണുകളിൽ നിന്നും ഇരുട്ടിനെ അകറ്റി പ്രകൃതിയുടെ മനോഹാരിത കാട്ടിത്തരികയാണ് ഡോ.സഞ്ജയ് രാജു എന്ന നേത്രരോഗ വിദഗ്ധൻ.കണ്ണുകളുടെ കാവൽ മാലാഖയായ ഈ ഡോക്ടറുടെ കൃത്യതയിൽ ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് കാഴ്ചയുടെ വസന്തത്തിലേക്ക് എത്താനായിട്ടുള്ളത്.നേത്രചികിത്സയ്ക്ക് പ്രശസ്തമായ കൊല്ലം ഭരണിക്കാവ് എംടിഎംഎം ആശുപത്രിയിലെ പ്രധാന ഡോക്ടറായ സഞ്ജയ് രാജു മുതുപിലാക്കാട് സ്വദേശിയാണ്.തിമിരത്തിൻ്റെ പിടിയിലമർന്ന് കാഴ്ചയെന്ന മനോഹാരിത എന്നെന്നേക്കുമായി മങ്ങുന്നവർക്ക് സഞ്ജയ് രാജു ഡോക്ടറുടെ കരുതലിൽ വെളിച്ചമേകുന്നു.കുട്ടിക്കാലത്ത് കുറച്ചു നാളുകളെങ്കിലും തനിക്ക് നഷ്ടപ്പെട്ട കാഴ്ചവസന്തം മറ്റൊരാൾക്കും നഷ്ടപ്പെടാതിരിക്കാനുള്ള ദൃഢപ്രതിജ്ഞയെ തുടർന്നാണ് നേത്രവിഭാഗം ഡോക്ടറാകണമെന്ന ഉറച്ച തീരുമാനമെടുക്കുന്നത്.ഇതിന് മാതാപിതാക്കളായ പാപ്പച്ചൻ്റെയും ട്രീസയുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ലഭിച്ചു.അങ്ങനെ 24ാം വയസ്സിൽ നേത്രവിഭാഗം ഡോക്ടറായി ട്രിച്ചി ജോസഫ് ഐ ഹോസ്പിറ്റലിൽ നിന്നും മാസ്‌റ്റേഴ്സ് ഓഫ് സർജറി കരസ്ഥമാക്കി.അക്കാലത്ത് തൻ്റെ നാട്ടിൽ നിന്നടക്കം ക്യാമ്പ് വഴി തിമിര ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി തമിഴ്നാട്ടിൽ പോകുന്നവരെയും കറുത്ത കണ്ണട ധരിച്ച് തിരിച്ചെത്തുന്നവരെയും കാണാനിടയായതോടെയാണ് തൻ്റെ കർമ്മമേഖല സ്വന്തം നാട്ടിൽ തന്നെയാക്കാൻ ഡോക്ടർക്ക് പ്രേരണയേകിയത്.26 വർഷത്തെ സേവനത്തിലൂടെ ജനകീയ ഡോക്ടറെന്ന പേരും സഞ്ജയിന് സമ്പാദിക്കാൻ കഴിഞ്ഞു.വീടുകളിലെത്തി നേത്രരോഗികളെ കണ്ടെത്തി,അവരെ പിന്നീട് ആശുപത്രിയിൽ എത്തിച്ചാണ് ആദ്യകാലത്ത് ചികിത്സ നടത്തിയിരുന്നത്.ഒരു ദിവസം 120 തിമിര ശസ്ത്രക്രിയകൾ വരെ നടത്തിയിട്ടുള്ളതായി ഡോ.സജ്ഞയ് രാജു പറയുന്നു.ഏറെയും സൗജന്യമായി തന്നെ.ഡോക്ടർ ജോലിക്കൊപ്പം സാമൂഹിക സേവനവും തൻ്റെ പാതയാണെന്ന് അദ്ദേഹം കണ്ടെത്തി.അശരണർക്ക് നന്മമരം കൂടിയാണ് സഞ്ജയ് ഡോക്ടർ.70 ചാരിറ്റി പ്രോജക്ടുകൾ ചെയ്തിട്ടുള്ള ഈ ഡോക്ടറെ തേടി,ഒന്നും രണ്ടുമല്ല 180 അവാർഡുകളാണ് എത്തിയിട്ടുള്ളത്.