ഒന്നര മാസത്തെ കാത്തു സൂക്ഷിപ്പ്;ഒടുവിൽ സ്വർണമോതിരത്തിൻ്റെ യഥാർത്ഥ അവകാശിയെത്തി

1315
Advertisement

പുത്തൂർ:ഒന്നര മാസത്തെ കാത്തുസൂക്ഷിപ്പിന് വിരാമമിട്ട് സ്വർണമോതിരത്തിൻ്റെ യഥാർത്ഥ അവകാശിയെത്തിയപ്പോൾ പുത്തൂർ എസ്ഐ ജയേഷിനും,മോതിരം സ്റ്റേഷനിൽ ഏല്പിച്ച പാണ്ടറ സ്വദേശിയായ മരപ്പണിക്കാരൻ ഷാജിക്കും സന്തോഷമടക്കാനായില്ല.പോരുവഴി പനപ്പെട്ടി സ്വദേശിയായ അൻസീമിൻ്റെ ഭാര്യയുടെ അരപ്പവൻ മോതിരമാണ് ചുങ്കത്തറയിൽ വച്ച് നഷ്ടമായത്.വാഹന വില്പനക്കാരനായ ഇദ്ദേഹം പണം തികയുമോ എന്ന സംശയത്താൽ ഭാര്യയുടെ കയ്യിൽ കിടന്ന വിവാഹമോതിരവുമായി പോയ വഴിയിലാണ് നഷ്ടപ്പെട്ടത്.രണ്ടു ദിവസത്തോളം മോതിരം തിരഞ്ഞിരുന്നു.കിട്ടാതെ വന്നതിനാൽ പേരും ഫോൺ നമ്പറും അടുത്തുള്ള കടയിൽ കൊടുത്ത ശേഷം നിരാശനായി തിരികെ മടങ്ങി.ദിവസങ്ങൾക്കു ശേഷമാണ് ഷാജിക്ക് ഈ മോതിരം ലഭിച്ചത്.അമ്മയുടെ നിർദ്ദേശപ്രകാരം പുത്തൂർ പോലീസ് സ്റ്റേഷനിൽ എത്തി എസ്ഐ ടി.ജെ ജയേഷിന് മോതിരം കൈമാറി.പോലീസ് മോതിരം കിട്ടിയ ഭാഗത്തെത്തി അന്വേഷണം നടത്തിയെങ്കിലും പേരും ഫോൺ നമ്പറും എഴുതിയ പേപ്പർ കടക്കാരന്റെ കയ്യിൽ നിന്നും നഷ്ടപ്പെടുന്നു.പിന്നീട് ഒന്നര മാസത്തോളം ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു.പിന്നീട് സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങളിലൂടെയും ഉടമസ്ഥനെ കണ്ടെത്താനുള്ള വാർത്തകൾ നൽകിയിരുന്നു.വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടമസ്ഥന്റെ സഹോദരൻ വിവരം അറിയിക്കുകയായിരുന്നു. ഇനിയൊരിക്കലും തിരികെ കിട്ടില്ലായെന്ന് ഉറപ്പിച്ചതോടെ ഭാര്യയോട്  മോതിരം പണയം വെച്ചിരിക്കുകയാണെന്ന് കളവ് പറയേണ്ടിയും വന്നതായി അൻസീം പറയുന്നു. പുത്തൂർ പോലീസ് സ്റ്റേഷനിലെത്തി അൻസീം മോതിരം ഏറ്റുവാങ്ങി.

Advertisement