കുന്നത്തൂർ:വീടിനു ചുറ്റും വെള്ളക്കെട്ടായതോടെ പുറത്തേക്ക് ഒന്നിറങ്ങാൻ പോലും കഴിയാതെ രോഗിയായ വയോധികയും കൂലിപ്പണിക്കാരനായ മകനും വലയുന്നു.കുന്നത്തൂർ പടിഞ്ഞാറ് സാവിത്രി ഭവനിൽ സാവിത്രി അമ്മ(82) മകൻ മുരളീധരൻ പിളള (55) എന്നിവരാണ് പാടശേഖരത്തോട് ചേർന്നുള്ള വീട്ടിൽ ഒറ്റപ്പെട്ട് കഴിയുന്നത്. 17 വർഷം മുമ്പ് ആശ്രയ പദ്ധതിയിൽ 3 സെൻ്റ് ഭൂമിയിൽ അനുവദിച്ച ചെറിയൊരു വീട്ടിലാണ് വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാവിത്രി അമ്മയും മകനും ജീവിക്കുന്നത്. വീടിനോട് ചേർന്നുള്ള വയൽ മണ്ണിട്ട് ഉയർത്തിതോടെ ഇവരുടെ വീട് ചെറിയ താഴ്ചയിലായി.ഇതോടെ മഴ പെയ്താൽ ദിവസങ്ങളോളം വീട്ടു പരിസരത്താകെ വെള്ളം കെട്ടികിടക്കും.അമ്മയെ പരിചരിക്കാനും ആഹാരം തയ്യാറാക്കാനുമെല്ലാം മുരളീധരൻപിള്ള മാത്രമാണുള്ളത്.ഇതിനാൽ മിക്കപ്പോഴും ജോലിക്ക് പോകാനും കഴിയാറില്ല.ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി റേഷനും സാവിത്രി അമ്മയ്ക്ക് ലഭിക്കുന്ന പെൻഷനും കൊണ്ടാണ് അടുപ്പ്പുകയുന്നതും മരുന്ന് വാങ്ങുന്നതും.മറ്റ് സഹായങ്ങൾ ഒന്നും കിട്ടിയില്ലെങ്കിലും തങ്ങൾക്ക് പരാതിയില്ല,വീടിനു ചുറ്റും മഴ വെള്ളം കെട്ടി നിൽക്കുന്നതിന് പരിഹാരം കാണാൻ വാർഡ് മെമ്പറും പഞ്ചായത്തും ഇടപടണമെന്നാണ് ഈ പാവങ്ങളുടെ ആവശ്യം