ഭൂപടം പോലെയൊരു റോഡ്; തകർന്ന് തരിപ്പണമായി മണക്കാട്ട് മുക്ക്-മയ്യത്തുംകര കനാൽ റോഡ്

199
Advertisement

ശാസ്താംകോട്ട:പോരുവഴി, ശാസ്താംകോട്ട പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന മണക്കാട്ട് മുക്ക്-മയ്യത്തുംകര കനാൽ റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങൾ ഏറെയായിട്ടും സഞ്ചാരയോഗ്യമാക്കാൻ നടപടിയില്ലെന്ന് പരാതി.നാല് കിലോമീറ്ററോളം മാത്രം ദൂരപരിധിയുള്ള റോഡ് മണക്കാട്ട് മുക്കിൽ ഭരണിക്കാവ് – വണ്ടിപ്പെരിയാർ എൻ.എച്ചിനെയും മയ്യത്തുംകരയിൽ കൊല്ലം – തേനി ദേശീയപാതയെയും ബന്ധിപ്പിക്കുന്ന സമാന്തര റോഡ് കൂടിയാണ്.കൂടാതെ
കൊട്ടാരക്കര ഭാഗത്ത് നിന്നും എത്തുന്നവർക്ക് പുതിയകാവ്,ചക്കുവള്ളി,മലനട,
ശൂരനാട്,തെങ്ങമം,ചാരുംമൂട്,
താമരക്കുളം എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യുവാനുള്ള എളുപ്പമാർഗം കൂടിയാണ്.റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി റോഡ് കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.മഴ ശക്തമായതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് അപകടങ്ങളും പതിവായിട്ടുണ്ട്.പ്രദേശത്തേക്ക് ഓട്ടോറിക്ഷ പോലും എത്താൻ പറ്റാത്ത രീതിയിൽ തകർന്നടിഞ്ഞ് കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.ജനവാസമേഖലയായ പനപ്പെട്ടി ഗ്രാമത്തിൻ്റെ പ്രധാന സഞ്ചാരമാർഗം കൂടിയാണിത്.

Advertisement