കുന്നത്തൂർ:പുത്തനമ്പലം കോയിക്കൽ മുക്കിന് സമീപം റെഡി മിക്സർ ലോറി (കോൺക്രീറ്റ് വാഹനം) ഉപേക്ഷിച്ച നിലയിൽ.കോയിക്കൽ മുക്കിലെ വളവിനോട് ചേർന്ന് റോഡിലേക്ക് ഇറക്കിയാണ് വാഹനം കിടക്കുന്നത്.റെഡി മിക്സർ അലക്ഷ്യമായി കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയിൽ ഏറെയായെന്ന് നാട്ടുകാർ പറയുന്നു.മേഖലയിൽ നടക്കുന്ന നിർമ്മാണത്തിന് കോൺക്രീറ്റ് മിശ്രിതവുമായെത്തിയ ലോറിയാണ് കഷ്ടിച്ച് ഒരു വാഹനത്തിന് പോകാൻ മാത്രം വീതിയുള്ള വർഷങ്ങളായി തകർന്ന് തരിപ്പണമായി അധികൃതർ പോലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന റോഡിൽ ഉപേക്ഷിച്ചിരിക്കുന്നത്.ഇരുഭാഗങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ റെഡിമിക്സർ ലോറിയുടെ തൊട്ടരികിൽ എത്തിയാൽ മാത്രമേ കാണാൻ കഴിയുകയുള്ളു.ഇതിനാൽ അപകടങ്ങളും പതിവാണ്.സ്കൂൾ ബസുകളും ഓട്ടോറിക്ഷകളുമടക്കം ഈ വാഹനത്തിൽ തട്ടി തകരാർ സംഭവിക്കുന്നത് പതിവാണ്.രാത്രികാലങ്ങളിൽ ഇരുചക്ര വാഹന യാത്രികരും അപകടത്തിൽപ്പെടുന്നു.കുന്നത്തൂർ നെടിയവിള അമ്പലം ജംഗ്ഷനിൽ നിന്നും പുത്തനമ്പലം വഴി കടമ്പനാട്,അടൂർ മേഖലകളിലേക്ക് എത്തുന്നതിനുള്ള പ്രധാന റോഡാണിത്.അടിയന്തിരമായി റെഡിമിക്സർ മാറ്റാൻ നടപടിയെടുക്കണമെന്ന് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡൻ്റ് ഹരി പുത്ത നമ്പലം ആവശ്യപ്പെട്ടു






































