തേവലക്കര : ഒരുമിച്ചു ജനിച്ചു വളർന്നു പഠിച്ചവർ പ്രവേശനോത്സവത്തിൽ കൗതുകമായി. തേവലക്കര ഗേൾസ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസ്സിലേക്ക് അഡ്മിഷൻ എടുത്ത ആരാധ്യ കിഷോർ, അർപ്പിത കിഷോർ, അവന്തിക കിഷോർ എന്നിവരാണ് പ്രവേശനോത്സവത്തിൽ ശ്രദ്ധേയരായത്. പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ ജയ ഭവനത്തിൽ കിഷോറിന്റെയും രഞ്ജുവിന്റെയും മക്കളായ മൂവരും നാലാം ക്ലാസ്സിൽ കോതപുരം എൽ പി സ്കൂളിലാണ് പഠിച്ചത്. എൽ പി സ്കൂളിൽ നിന്നും വലിയ ചേച്ചിമാർ ഉൾപ്പടെയുള്ള ഹൈസ്കൂളിലേക്ക് എത്തിയതിന്റെ അമ്പരപ്പ് ഒക്കെ ഉണ്ടായിരുന്നെങ്കിലും ക്ലാസ്സിലേക്ക് ഇരുന്നു കൂട്ടുകാരുമൊക്കെയായപ്പോൾ മൂവരും ഹാപ്പി. ഇനി പഠനവും കളികളുമൊക്കെയായി വരും നാളുകൾ ആഘോഷമാക്കാൻ ഉള്ള തീരുമാനത്തിലാണ്.
തേവലക്കര ഗേൾസ് ഹൈസ്കൂളിലെ പ്രവേശനോത്സവം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് എ സാബു അധ്യക്ഷത വഹിച്ചു. പുതിയ കുട്ടികളെ ബാഡ്ജും പൂവും നൽകി അധ്യാപകർ സ്വീകരിച്ചു. കോവൂർ കുഞ്ഞുമോൻ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി രാമചന്ദ്രൻ, വാർഡ് മെമ്പർ ലാലി ബാബു, സ്കൂൾ മാനേജർ ആർ തുളസീധരൻ പിള്ള, സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി ഗോവിന്ദ പിള്ള, എം പി റ്റി എ പ്രസിഡന്റ് ഷിജി വിനോദ്, പി റ്റി എ അംഗങ്ങളായ പ്രീത, ഷമീറ, റഹിം , പ്രീതി, സീനിയർ അസിസ്റ്റന്റ് ആർ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദീൻ സ്വാഗതവും സ്കൂൾ ലീഡർ അയന സാറ വർഗീസ് നന്ദിയും പറഞ്ഞു.