കൊല്ലം .ചിതറയിൽ കാണാതായ 14 കാരനായി തിരച്ചിൽ ഊർജിതം. മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു പോലീസ്. ഇതിനിടെ കുട്ടി പാരിപ്പള്ളിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
ചിതറ വളവ്പച്ച സ്വദേശി അഭയ് യെ 12ന് രാവിലെ മുതലാണ് കാണാതായത്. ട്യൂഷന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അഭയ് വൈകുന്നേരം ആയിട്ടും തിരിച്ചെത്താതിരുന്നതോടെ വീടുകാർ ചിതറ പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ ചുവന്ന ട്രാവലിംഗ് ബാഗുമായി അഭയ് നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതോടെ റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ചടക്കം പൊലീസ് അന്വേഷണം നടത്തി. മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ അഭയ് പാരിപ്പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. പാരിപ്പള്ളിയിൽ ബസിറങ്ങി നടന്നു പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. കൊല്ലം ഭാഗത്തേക്ക് പോയതായാണ് കരുതുന്നത്. അഭയ്യുടെ കൂട്ടുകാരിൽ നിന്ന് ഉൾപ്പെടെ പോലീസ് വിവരങ്ങൾ തേടുന്നുണ്ട്.