ശാസ്താംകോട്ട:ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ ഡയാലിസിസ് മെഷീനുകൾ തകരാറിലായത് വൃക്ക
രോഗികൾക്ക് ഇരുട്ടടിയായി.താലൂക്ക് ആശുപത്രിയിൽ 6 ഡയലാസിസ് മെഷീനുകളാണുള്ളത്.ഇതിൽ മൂന്നെണ്ണം രാവിലെ മുതൽ തകരാറിലായിരുന്നു.വൈകിട്ടോടെ ശേഷിച്ചവയും പ്രവർത്തനരഹിതമായി.താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി നിർദ്ധന രോഗികളാണ് ഡയാലിസിസ് നടത്തുന്നതിനു വേണ്ടി ചൊവ്വാഴ്ച രാവിലെ മുതൽ ആശുപത്രിയിലെത്തിയത്.ഇവിടെ നിന്നും നൽകിയിട്ടുള്ള തീയതിയും സമയക്രമവും അനുസരിച്ചാണ് രോഗികൾ എത്തിയത്.എന്നാൽ രാവിലെമുതൽ എത്തിയവരോട് മെഷീനുകൾ തകരാറിലാണെന്നും കൊല്ലം ജില്ലാ ആശുപത്രിയിലേക്കോ മറ്റോ പോകണമെന്ന അറിയിപ്പാണ് ലഭിച്ചതെന്ന് രോഗികൾക്കൊപ്പം എത്തിയവർ പറയുന്നു.
ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്കുന്നതാണ് തകരാറിനുള്ള കാരണമെന്നും ജീവനക്കാർ അറിയിച്ചത്രേ.വാഹനം പിടിച്ച് കൊല്ലത്തേക്ക് പോകാൻ പലരും വലഞ്ഞു.അവിടെ എത്തിയ പലർക്കും ഡയാലിസിസ് ചെയ്യാനുള്ള അവസരം ലഭിച്ചില്ലെന്നും പറയപ്പെടുന്നു.പിന്നീട് വൈകിട്ടോടെ പ്രവർത്തിച്ചു കൊണ്ടിരുന്ന 3 മെഷീനുകൾ കൂടി തകരാറിലായി.വൈദ്യുതി വിതരണത്തിലെ ഏറ്റക്കുറച്ചിലാണ് ഡയാലിസിസ് മെഷീനുകൾ കൂട്ടത്തോടെ തകരാറിലാകാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.അതിനിടെ മെഷീനുകൾ പ്രവർത്തനക്ഷമമാക്കാൻ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
പിന്നീട് എന്തുണ്ടായി ….
കൊല്ലം ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ തകരാർ ശാസ്താംകോട്ടയിലെ മെഷീൻ പണിമുടക്കിയതിന് പിന്നാലെയാണ് കൊല്ലത്തും പ്രശ്നമായത്. ശാസ്താംകോട്ടയിൽ ഇന്ന് ഡയാലിസിസ് ചെയ്യേണ്ട രോഗികൾക്ക് കൊല്ലത്ത് പോയി ഡയാലിസിസ് ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. രോഗികൾ ആകെ വലഞ്ഞു.