കൊട്ടാരക്കര. വിളക്കുടി പഞ്ചായത്തിൽ ഏഴു വയസ്സുകാരി പേവിഷബാധയേറ്റു മരിച്ച സംഭവത്തിൽ ഉന്നതതല യോഗം വിളിച്ചു കളക്ടർ. കുന്നിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ആരോഗ്യരംഗത്തെ വിദഗ്ധർ പങ്കെടുത്തു. യോഗത്തിന് ശേഷം പുറത്തിറങ്ങിയ കളക്ടറെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി
തെരുവ് നായ കടിച്ച കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയതിൽ ആരോഗ്യ വകുപ്പിൽ നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് ജില്ലാ കളക്ടർ എൻ ദേവീദാസ് കുന്നിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ യോഗം വിളിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ വെറ്റിനറി ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു. പുനലൂർ താലൂക്കാശുപത്രിയിൽ കുട്ടിയുമായ് എത്തിയവർക്ക് ദുരനുഭവം നേരിട്ടതടക്കം വിശദമായ ചർച്ച നടന്നു. യോഗത്തിന് ശേഷം പുറത്തിറങ്ങിയ കളക്ടറെ കെ പി സി സി നിർവാഹക സമിതിയംഗം ജ്യോതികുമാർ ചാമക്കാലയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം
ഇതോടെ.ഔദ്യോഗിക വാഹനത്തിന് പകരം പോലീസ് ജീപ്പിൽ കളക്ടർ കുട്ടിയുടെ വീട്ടിലെത്തി. തിരിച്ചെത്തിയതോടെ പ്രതിഷേധം പൊലീസ് ജീപ്പിനു മുന്നിലായി.
വീണ്ടും കളക്ടറെ ഔദ്യോഗിക വാഹനത്തിലേക്ക് മാറ്റിയതോടെ പ്രതിഷേധം കനത്തു. പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കിയ ശേഷമാണ് കളക്ടർക്ക് മടങ്ങാനായത്.