കൊല്ലം."എങ്ങനെയും രക്ഷപ്പെടുത്തണം… മക്കളെ കാണണം…" — ഇതായിരുന്നു കോൺഗ്രസ് നേതാവ് ദിനകർ കോട്ടക്കുഴിയുടെ ഫോണിലേക്ക് മേയ് 2 ന് രാത്രി 10 മണിക്ക് വന്ന വിങ്ങിയ നേർത്ത ശബ്ദം. കുവൈത്തിൽ വീട്ടുജോലിക്ക് പോയ ചാത്തന്നൂർ സ്വദേശിനിയായ സിമി എന്ന വീട്ടമ്മയുടെ ദാരുണമായ അവസ്ഥ അറിയുന്നതായിരുന്നു ആ ഫോൺ കോൾ.
സ്വദേശത്തെക്കാളും നല്ലതായിരിക്കും എന്ന പ്രതീക്ഷയിൽ കുവൈത്തിൽ എത്തിയ സിമിക്ക് ഏൽക്കേണ്ടി വന്നത് ക്രൂരമായ മർദ്ദനമായിരുന്നു. വീട്ടുകാരുടെ മാറിമാറിയുള്ള മർദ്ദനങ്ങൾക്കും മാനസിക പീഡനങ്ങൾക്കും ഒടുവിൽ “ഇനി അടിച്ചാൽ ഞാൻ ആത്മഹത്യ ചെയ്യും” എന്ന ഒറ്റവാക്കിലാണ് മർദ്ദനം അവസാനിപ്പിച്ചത്. ശേഷം അവർ അവളെ മുറിയിൽ പൂട്ടിയിടുകയും നിരീക്ഷണത്തിൽ വയ്ക്കുകയും ചെയ്തു.
ഇതിനിടെ, കുവൈറ്റിൽ നിന്നുള്ള സുഹൃത്തുക്കൾ മുഖേനയാണ് സിമിക്ക് കേരളത്തിൽ നിന്നുള്ള ഒരു ഫോൺ നമ്പർ കിട്ടിയത്. ഒരാഴ്ച മുൻപ് കുവൈറ്റിൽ നിന്നും മൂന്ന് യുവതികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാന്‍ ഇടപെട്ട ദിനകർ കോട്ടക്കുഴിയുടെ നമ്പരായിരുന്നു അത്, അതിലേക്കാണ് സിമിയുടെ ദീനദീനമുള്ള വിളി.
നേരത്തേ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടൽ വഴിയാണ് ഉന്നത അധികൃതരെ ബന്ധപ്പെട്ട് ചില യുവതികളഎ നാട്ടിലെത്തിച്ചത്. അന്ന് പ്രശ്നപരിഹാരത്തിനായി ഇടപെട്ട ഉദ്യോഗസ്ഥരുടെ നമ്പരിലേക്ക് ദിനകര്‍ വിളിക്കുകയും പരാതി ഇ മെയില്‍ ചെയ്യുകയും ചെയ്തു. രാത്രി തന്നെ നോര്‍ക്ക അധികൃതര്‍ എംബസി വഴി കുവൈറ്റ് എയർപോർട്ടിലേക്ക് സിമിയെ എത്തിക്കുകയും അബുദാബി വഴി മുംബൈക്ക് യാത്ര ഒരുക്കുകയും ചെയ്തു.
“കയ്യിൽ അഞ്ചുപൈസ പോലും ഇല്ല.. എങ്ങനെയാകും?” മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ എന്നത് സിമിയുടെ ആദ്യത്തെ ആശങ്കയായിരുന്നു.
എന്നാൽ അവളുടെ മുന്നിൽ കാത്തുനിന്നത് മുംബൈ നോർക്കയുടെ ഉദ്യോഗസ്ഥർ ആയിരുന്നു. അവർ ഉടനെ തന്നെ സിമിയെ മുംബൈയിലെ കേരള ഹൗസിലേക്ക് കൈമാറി, പൂർണ്ണമായും സുരക്ഷിതമാക്കി.
ഇപ്പോൾ സിമിയുടെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാന-ട്രെയിൻ ടിക്കറ്റുകൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നോർക്ക.അടുത്തിടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നും ജോലിക്ക് പോയ യുവതികളെ വാര്‍ത്തകളെത്തുടര്‍ന്ന് അധികൃതര്‍ രക്ഷപ്പെടുത്തി നാട്ടിലയച്ചിരുന്നു.
” ഇനിയും ഇതുപോലെയുള്ള നിരവധി സ്ത്രീകളാണ് പുറം ലോകവുമായി ബന്ധപ്പെടുവാൻ പോലും കഴിയാതെ കുവൈറ്റിലെ വിവിധയിടങ്ങളിലായി വീട്ടുജോലി ചെയ്തു കൊടിയ പീഡനങ്ങളേറ്റു കഴിയുന്നത്. ഇവരെ കണ്ടെത്തുന്നതിനും രക്ഷപെടുത്തി നാട്ടിൽ എത്തിക്കുന്നതിനും സർക്കാർ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാവണമെന്ന് – ദിനകർ കോട്ടക്കുഴി ആവശ്യപ്പെട്ടു.