ശാസ്താംകോട്ട:കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ബിജെപി നേതൃത്വത്തിൽ പൊട്ടിത്തെറിയും ചേരിതിരിവും രൂക്ഷമാകുന്നു.സംഘടിതമായി നടത്തുന്ന സൈബർ ആക്രമണങ്ങൾ മൂലം നേതാക്കളും പ്രവർത്തകരും പാർട്ടി വിടുന്നതാണ് തലവേദനയായി മാറിയിരിക്കുന്നത്.മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ വിരുദ്ധ ചേരിയാണ് കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ബിജെപി നേതൃത്വത്തിൽ ബഹുഭൂരിപക്ഷവും.പഞ്ചായത്ത് സമിതി പ്രസിഡൻ്റുമാരെല്ലാം തന്നെ സുരേന്ദ്രർ വിരുദ്ധർ.ശൂരനാട് വടക്ക് പഞ്ചായത്ത് സമിതി പ്രസിഡൻ്റായിരുന്ന അനീഷ് ഗോപി സിപിഎമ്മിൽ ചേർന്നതോടെ ബിജെപിയിലെ ആഭ്യന്തരപ്രശ്നങ്ങൾ മറനീക്കി പുറത്തുവന്നിരിക്കയാണ്.സുരേന്ദ്രൻ വിരുദ്ധ ചേരിയിൽപ്പെട്ട അനീഷ് ഗോപിയുടെ വിമർശനങ്ങളെ മുമ്പ് സുരേന്ദ്രൻ പക്ഷക്കാർ ശക്തമായി എതിർത്തിരുന്നു.എന്നാൽ സുരേന്ദ്രനെതിരെ പതിവായി നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ പ്രസിഡൻ്റ് പദവിയിലെത്തിയതിനു ശേഷം അനീഷ് ശക്തമായി രംഗത്ത് വരികയുണ്ടായി.ഇത് നേതൃത്വത്തിൻ്റെ അനിഷ്ടത്തിന് കാരണമാകുകയും സൈബർ ആക്രമണങ്ങളിലേക്ക് കടക്കുകയുമായിരുന്നു.ആക്രമണം ശക്തമായതോടെയാണ് പാർട്ടി വിടാൻ അനീഷ് തീരുമാനമെടുത്തതും സിപിഎമ്മിൽ ചേർന്നതും.വരും ദിവസങ്ങളിൽ ശൂരനാട് വടക്ക് കൂടുതൽ പ്രവർത്തകർ ബിജെപി വിടുമെന്ന് സൂചനയുണ്ട്.അതിനിടെ സംസ്ഥാന ഭാരവാഹിപട്ടിക പ്രഖ്യാപിക്കുന്നതോടെ കുന്നത്തൂരിലെ ബിജെപിയിൽ വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുകയെന്നും പറയപ്പെടുന്നു.