ശാസ്താംകോട്ട:ആനയടി വെള്ളച്ചിറയിൽ സസ്പെൻഷനിലായിരുന്ന മിൽമ ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.കൊല്ലം ശൂരനാട് വടക്ക് ആനയടി കൊല്ലൻ്റെ പടീറ്റതിൽ സുരേഷ് കുമാറാണ് (55) മരിച്ചത്.വെള്ളച്ചിറ ജംഗ്ഷന് സമീപം വാടകയ്ക്ക് എടുത്ത കെട്ടിടത്തിൻ്റെ മുകൾ നിലയിലെ ഓഫീസായി ഉപയോഗിച്ചിരുന്ന മുറിയിൽ ഇന്ന് വൈകിട്ട് 3 ഓടെ പൊള്ളലേറ്റ് മരിച്ച നിലയിലാണ് സുരേഷ് കുമാറിൻ്റെ മൃതദേഹം കണ്ടെത്തിയത്.താഴത്തെ നിലയിൽ മുൻപ് ഇദ്ദേഹം സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു.മുകൾ നിലയിൽ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് പരിസരവാസികൾ ഓടിയെത്തി തീ അണയ്ക്കുമ്പഴേക്കും പൂർണമായും കത്തിക്കരിഞ്ഞിരുന്നു.ആനയടി ജംഗ്ഷനിൽ ഇവരുടെ ഉടമസ്ഥയിലുള്ള ബേക്കറിയിൽ ഉണ്ടായിരുന്ന ഭാര്യ രാജിയെ നാട്ടുകാർ വിവരമറിയിച്ചു. ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സും ശൂരനാട് പൊലീസും സ്ഥലത്തെത്തിയിരുന്നു.വാഹനത്തിൽ ഒഴിക്കുന്ന എഞ്ചിൻ ഓയിൽ ശരീരത്ത് ഒഴിച്ചാണ് തീ കൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം.സമീപത്ത് പ്ലാസ്റ്റിക് ഉരുകിയതും കാണാം.പത്തനംതിട്ട തട്ടയിൽ പ്രവർത്തിക്കുന്ന മിൽമ ഡയറിയിലെ ജീവനക്കാരനായിരുന്ന സുരേഷ് കുമാറിനെ ഏതാനും മാസം മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു.ഇതിലുള്ള മനോവിഷമമാകാം ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.ഫോറൻസിക് വിഭാഗം അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ആദർശ്(നേവി),ആകാശ് ക്രുവൈറ്റ്) എന്നിവർ മക്കളും ഡോ.ആർഷ മരുമകളുമാണ്.