ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി തുടങ്ങി

Advertisement

ചവറ.കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങി ജില്ലയിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി തുടങ്ങി. കടലും, തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒറ്റദിവസം നീണ്ടുനിൽക്കുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവുമാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. 37 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന കൊല്ലം ജില്ലയുടെ കടൽ തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് ജില്ലയുടെ തീരപ്രദേശത്തെ 25 ആക്ഷൻ കേന്ദ്രങ്ങളായി തിരിച്ച് 2025 ഏപ്രിൽ 11 ന് രാവിലെ 7 മണി മുതൽ 11 മണി വരെയാണ് പരിപാടി.

നീണ്ടകര ഹാർബറിൽ സുജിത്ത് വിജയൻ പിള്ള എം.എൽ.എ, ഉദ്ഘാടനം ചെയ്തു. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജീവൻ, ഫിഷറീസ് അസി.ഡയറക്ടർ ചന്ദ്രലേഖ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ പോൾ രാജൻ, താര, ഫിഷറീസ് വകുപ്പ് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.