കുന്നത്തൂർ,കടപുഴ,ചീക്കൽകടവ്,തെങ്ങമം സ്റ്റേ സർവ്വീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

490
Advertisement

ശാസ്താംകോട്ട:കുന്നത്തൂർ,കടപുഴ, ചീക്കൽകടവ് സ്റ്റേ സർവ്വീസുകൾ കെഎസ്ആർടിസി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം.കരുനാഗപ്പള്ളി,കൊട്ടാരക്കര മേഖലകളിൽ നിന്നും മൈനാഗപ്പള്ളി, ശാസ്താംകോട്ട,ഭരണിക്കാവ്,കുന്നത്തൂർ,പുത്തൂർ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സർവീസുകൾ നിലച്ചത് യാത്രക്കാർക്ക് ഇരുട്ടടിയായിരിക്കയാണ്.കൊട്ടാരക്കര ഡിപ്പോയിൽ നിന്നും രാത്രി 9.30 ഓടെ പുറപ്പെടുന്ന കടപുഴ സ്റ്റേ ബസ് യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായ സർവ്വീസായിരുന്നു.പിറ്റേ ദിവസം പുലർച്ചെ 5ന് ഭരണിക്കാവ് മേഖലയിൽ നിന്നും കൊട്ടാരക്കരയിലേക്ക് പുറപ്പെടുന്ന ആദ്യ സർവ്വീസായിരുന്നു.ഇരു ട്രിപ്പുകളിലും മികച്ച കളക്ഷനാണ് ലഭിച്ചിരുന്നത്.തിരുവനന്തപുരം ഡിപ്പോയിൽ നിന്നും ആറ്റിങ്ങൽ,കല്ലമ്പലം, പാരിപ്പളളി, ചാത്തന്നൂർ, കൊല്ലം, ചവറ, കരുനാഗപ്പള്ളി വഴി കുന്നത്തൂരിലേക്ക് വർഷങ്ങളായി സർവ്വീസ് നടത്തിയിരുന്ന സ്റ്റേ സർവ്വീസും നിലച്ചിട്ട് വർഷങ്ങളായി.കരുനാഗപ്പള്ളിയിൽ നിന്നും മൈനാഗപ്പള്ളി, ശാസ്താംകോട്ട, ഭരണിക്കാവ്, കുന്നത്തൂർ ഭാഗത്തേക്കുള്ള അവസാന സർവ്വീസായിരുന്നു ഇത്.നിലവിൽ രാത്രി 7.30 കഴിഞ്ഞാൽ ഈ പ്രദേശങ്ങളിലേക്ക്
കരുനാഗപ്പള്ളിയിൽ നിന്നും ബസ്സ് സർവ്വീസുകൾ ഒന്നും തന്നെയില്ല.ഇതിനാൽ രാത്രിയാത്രക്കാർ വലയുകയാണ്. കൊല്ലത്തു നിന്നും കുണ്ടറ – പുത്തൂർ -കുന്നത്തൂർ – ഏഴാംമൈൽ – കടമ്പനാട് വഴി ഉണ്ടായിരുന്ന തെങ്ങമം സ്റ്റേ സർവ്വീസും മുന്നറിയിപ്പില്ലാതെയാണ് നിർത്തലാക്കിയത്.കശുവണ്ടി തൊഴിലാളികൾ അടക്കമുള്ളവരുടെ ആശ്രയമായിരുന്നു ഈ സർവ്വീസ്.തിരുവനന്തപുരം ഡിപ്പോയിൽ നിന്നും ചീക്കൽകടവിലേക്ക് ഉണ്ടായിരുന്ന സർവ്വീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്നവർക്ക് ഏറെ സൗകര്യപ്രദമായിരുന്നു.പുലർച്ചെ 5.30 ഓടെ പുറപ്പെടുന്ന ബസ്സ് 8 മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം എത്തുമെന്നതിനാൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.നിർത്തലാക്കിയ സർവ്വീസുകൾ പുനരാരംഭിക്കുവാൻ കരുനാഗപ്പള്ളി,കുന്നത്തൂർ എംഎൽഎമാർ മുൻകൈ എടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Advertisement