പടിഞ്ഞാറേകല്ലട പഞ്ചായത്ത് തടാക തീരത്തോടടുത്ത് പൊതുസ്മശാനം നിര്‍മ്മിക്കുന്നതിന് നല്‍കിയ അപേക്ഷ ജില്ലാ കലക്ടര്‍ തള്ളി

Advertisement

ശാസ്താംകോട്ട. പടിഞ്ഞാറേകല്ലട പഞ്ചായത്ത് പൊതുസ്മശാനം നിര്‍മ്മിക്കുന്നതിന് നല്‍കിയ അപേക്ഷ ജില്ലാ കലക്ടര്‍ തള്ളി.
പഞ്ചായത്ത് വെട്ടോലിക്കടവിന് സമീപമാണ് പൊതു സ്മശാനത്തിന് സ്ഥലംവാങ്ങി നടപടികള്‍ ആരംഭിച്ചത്.ഇതിനെതിരെ ജനകീയസമര സമിതി പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സമിതി ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ പ്രശ്‌നം പഠിച്ച് തീര്‍പ്പാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്

പിന്നോക്കവിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തില്‍ സ്വന്തമായി മൃതദേഹം അടക്കം ചെയ്യാന്കഴിയാത്തവരുടെ പ്രശ്‌നം പരിഗണിച്ചാണ് പഞ്ചായത്ത് പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്.
സമിതി നല്‍കിയ പരാതിയില്‍ ലൈഫ് ഭവനപദ്ധതിക്കെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഭൂ ഉടമയില്‍നിന്നും വസ്തുവാങ്ങിയതെന്നും ശുദ്ധജല തടാകം മലിനപ്പെടുമെന്നും സമീപത്തെ വീടുകളില്‍നിന്നും 50മീറ്റര്‍ പോലും അകലമില്ലെന്നും ചൂണ്ടിക്കാട്ടി. പ്രദേശത്തെ നൂറുകണക്കിന് ആള്‍ക്കാരുടെ ഒപ്പുശേഖരണം നടത്തിയിരുന്നു.
ജില്ലാ മെഡിക്കല്‍ഓഫിസര്‍,കുന്നത്തൂര്‍ തഹസില്‍ദാര്‍,മലിനീകരണ നിയന്ത്രണബോര്‍ഡ്,ജല അതോറിറ്റി,കെഎസ്ഇബി, പൊലീസ് എന്നീവിവിധ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ സമാഹരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം അനുയോജ്യമല്ലെന്ന ബോധ്യത്തില്‍ സ്മശാനത്തിനുള്ള അനുമതി നിഷേധിച്ചത്. തടാകത്തിന് മലിനീകരണം ഉണ്ടാകാമെന്ന് ജലഅതോറിറ്റിയും ക്രമസമാധാനപ്രശ്‌നം ഉണ്ടാകുമെന്ന് പൊലീസും റിപ്പോര്‍ട്ട് നല്‍കി. തടാകത്തിന്റെ ശുദ്ധതയെ ബാധിക്കുന്ന കാര്യങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നേരിട്ടും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിന്റെ അടിസസ്ഥാനത്തിലാണ് അനുമതി നിഷേധിച്ച പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. പഞ്ചായത്ത് നിയമവിരുദ്ധമായല്ല പദ്ധതിക്ക് മുന്നിട്ടിറങ്ങിയതെന്നും മേഖലക്ക് അവശ്യമായ പദ്ധതിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.കലക്ടറുടെ തീരുമാനത്തിനെതിരെ പഞ്ചായത്ത് ഉന്നതാധികൃതരെ സമീപിക്കും.