കിടപ്രത്ത് മദ്യലഹരിയില്‍ അക്രമം യുവാവ് വെട്ടേറ്റ് മരിച്ചു

മരിച്ച സുരേഷ്(ഇടത്)പ്രതി അമ്പാടി(വലത്)
Advertisement

പടിഞ്ഞാറേകല്ലട. കിടപ്രത്ത് മദ്യലഹരിയില്‍ അക്രമം യുവാവ് വെട്ടേറ്റ് മരിച്ചു. കിടപ്രം പുതുവയലില്‍ സുരേഷ്(43)ആണ് മരിച്ചത്.ഇയാളെ വെട്ടിയ അമ്പാടി എന്ന ബണ്ടിചോറിനായി പൊലീസ് തിരച്ചില്‍ നടത്തുന്നു. സമീപത്തെ കല്ലുംമൂട്ടില്‍ ക്ഷേത്രത്തിലെ ഉല്‍സവ സ്ഥലത്ത് അമ്പാടി മദ്യലഹരിയില്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. സുരേഷും മറ്റും ചേര്‍ന്ന് ഇയാളെഅവിടെനിന്നും പറഞ്ഞുവിട്ടു. ഇയാള്‍ പിന്നീട് റെയില്‍ പാളത്തില്‍ കയറി ആത്മഹത്യാഭീഷണിമുഴക്കി കിടന്നതായി പറയുന്നു. അവിടെനിന്നും സുരേഷും മറ്റുചിലരും ചേര്‍ന്ന് പിടിച്ച് ഇയാളെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. വീടിനകത്തുകയറിയ അമ്പാടി തെങ്ങുകയറ്റ ജോലിക്ക് കൊണ്ടുപോകുന്ന കത്താളുമായി ഇറങ്ങി അത് സ്വന്തം കഴുത്തില്‍ വച്ചും ആത്മഹത്യാ ഭീഷണി മുഴക്കി. ഇതു ചെറുക്കാന്‍ ശ്രമിച്ച സുരേഷിനു നേരേ ആഞ്ഞുവെട്ടുകയായിരുന്നു. വെട്ടേറ്റ് സുരേഷ് വീണതോടെ ഇയാള്‍ സ്ഥലത്തുനിന്നും കടന്നു. സുരേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിരവധി മോഷണ അക്രമകേസുകളില്‍പ്രതിയാണ് അമ്പാടി. കിഴക്കേ കല്ലടപൊലീസ് കേസ് എടുത്തു.