കുന്നത്തൂർ:കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷന് സമീപം ഗേൾസ് ഹോസ്റ്റലിനോട് ചേർന്നുള്ള കൊടും വളവിൽ സ്വകാര്യ ബസിന്റെ അടിയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി.കൊട്ടാരക്കര പ്രധാനപാതയിൽ വ്യാഴം രാവിലെ 8.15 ഓടെയാണ് അപകടം സംഭവിച്ചത്.ശാസ്താംകോട്ടയിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന പയനീയർ ബസിന്റെ അടിയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ബൈക്ക് ബസിന്റെ മുൻഭാഗത്തു കൂടി അകത്തേക്ക് കയറുമ്പോൾ ബൈക്ക് ഓടിച്ചിരുന്ന വിദ്യാർത്ഥി മറ്റൊരിടത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.ഇതിനാലാണ് മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്.കൊട്ടാരക്കര സ്വദേശിയായ വിദ്യാർത്ഥി ഭരണിക്കാവ് പുന്നമൂട്ടിലെ കോളേജിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് ബസും ബൈക്കും മാറ്റി ഗതാഗതം സുഗമമാക്കുകയായിരുന്നു.






































