ശാസ്താംകോട്ട:ദുബായിൽ മോഷണത്തിനിടെ പാക് പൗരന്റെ ആക്രമണത്തിൽ
മരിച്ച ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടേയും മകൻ പ്രദീപിന്റെ (43,ഹരിക്കുട്ടൻ) മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു.ഒ.ഐ.സി.സി ഉൾപ്പെടെ ദുബായിൽ പ്രവർത്തിക്കുന്ന വിവിധ ഇന്ത്യൻ സംഘടനകളുടെ ഇടപെടലും പരിശ്രമവും കൊണ്ടാണ് ദുബായിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഒന്നര ആഴ്ചയ്ക്ക് ശേഷം നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.ബുധനാഴ്ച പുലർച്ചെ തിരുവനന്തപുരം വിമാനതാവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.ആനയടിയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
ജനപ്രതിനിധികൾ അടക്കം വൻ ജനാവലി അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു.മാതാപിതാക്കളെയും ഭാര്യ രശ്മി,മക്കളായ കാർത്തിക്,ആദി എന്നിവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു.മൂന്ന് മാസം മുമ്പാണ് പ്രദീപ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്.കഴിഞ്ഞ മാസം അവസാനം മോഷണത്തിനിടെ പാക്
സ്വദേശിയുടെ ആക്രമണത്തിലാണ് പ്രദീപ് കൊല്ലപ്പെട്ടതെന്നാണ് നാട്ടിൽ ലഭിച്ച വിവരം.പ്രദീപിന്റെ കഴുത്തിൽ കിടന്ന സ്വർണമാല തട്ടിയെടുക്കാൻ പാകിസ്ഥാനി ശ്രമിക്കുകയും ഇത് ചെറുത്തതിനെ തുടർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.പിറ്റേ ദിവസം ദുബായ് പൊലീസ് കസ്റ്റഡിലെടുത്ത പാകിസ്ഥാനി റിമാൻഡിലാണ്.ദുബായ് അൽ ക്വാസി ഇൻഡസ്ട്രിയൽ ഏരിയയിൽ ന്യൂ ഇവല്യൂഷൻ ഇന്റീരിയർ ഡക്കറേഷൻ എന്ന കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.






































