കൊച്ചി: ക്രൈസ്തവ സഭകള്‍ക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ കേസരിയില്‍ ലേഖനം. ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാനും ബിജെപി നേതൃത്വത്തോട് പരസ്യമായി ഒട്ടുകയും പിന്നീട് രഹസ്യമായി കുത്തുകയും ചെയ്യുന്ന നിലപാടാണ് ക്രൈസ്തവ സഭകള്‍ക്ക് ഉള്ളതെന്ന് മുഖപത്രത്തില്‍ ജി കെ സുരേഷ് ബാബു എഴുതിയ ലേഖനത്തില്‍ പറയുന്നു.
എഫ്സിആര്‍എ നിയമഭേദഗതിക്കെതിരെ സഭകളും മെത്രാന്മാരും ഉറഞ്ഞുതുള്ളിയെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ പാഠം പഠിപ്പിക്കും എന്ന് വെല്ലുവിളിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു.
സഭകള്‍ എന്നാണ് ബിജെപിയെ പിന്തുണച്ചിട്ടുള്ളതെന്നാണ് ലേഖനത്തിലെ ചോദ്യം. ഇല്ലാത്ത അക്രമണങ്ങളുടെയും ചെയ്യാത്ത കുറ്റത്തിന്റെയും പേരില്‍ സഭകള്‍ ബിജെപിയെ കുരിശില്‍ തറച്ചു. താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഭകള്‍ ബിജെപിയോട് ഒട്ടി നിന്നു. അതിനുശേഷം രഹസ്യമായി കുത്തുന്ന നിലപാടാണ് സഭകള്‍ സ്വീകരിച്ചത്. സുവിശേഷ പ്രവര്‍ത്തനം എന്ന പേരില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ‘സഭകള്‍ വിരട്ടുന്നത് ആരെ’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ പറയുന്നു.
കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും ക്രൈസ്തവ സഭകളുടെ മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും അതിനെ നയിക്കുന്നതും കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളും പുരോഹിതന്മാരും ആണെന്നാണ് ലേഖനം പറയുന്നത്. ഏതാണ്ട് പന്ത്രണ്ടായിരം പുരോഹിതരും ഇരുപതിനായിരത്തിലേറെ കന്യാസ്ത്രീകളും സുവിശേഷ പ്രവര്‍ത്തനം എന്ന പേരില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടത്തുന്നു എന്നും ലേഖനത്തില്‍ പറയുന്നു.





































