വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സസ്പെൻഷനിലായ വനിതാ നേതാവ് ബിന്ദു വിനയകുമാർ. ശോഭ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്ന് താൻ സംശയിക്കുന്നുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന് അവരെ ഭയമാണെന്നും ബിന്ദു ആരോപിച്ചു.
ആലപ്പുഴ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകിയിട്ടുണ്ട്. ഇത് അവരുടെ സ്ഥിരം സ്വഭാവമാണെന്ന് ബിന്ദു കുറ്റപ്പെടുത്തി. ശോഭ സുരേന്ദ്രന്റെ ഫോട്ടോഗ്രാഫറായിരുന്ന ജസ്റ്റിന്റെ മരണത്തിൽ ദുരൂഹതയുണ്ട്. ഈ മരണം പുനരന്വേഷിക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വരെ പരാതി നൽകിയിട്ടും ശോഭയ്ക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തയ്യാറാകുന്നില്ല.
ബിജെപിക്കായി കഷ്ടപ്പെട്ട രൺജിത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ അവഗണിക്കപ്പെട്ടതായും അവർ പറഞ്ഞു. മുപ്പത് വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച തന്നെ പുറത്താക്കിയതിൽ വിഷമമുണ്ടെന്ന് ബിന്ദു വിനയകുമാർ പറഞ്ഞു. പാർട്ടി നടപടിയെടുത്താലും താൻ ബിജെപിക്കാരിയായി തുടരുമെന്നും മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും അവർ വ്യക്തമാക്കി.



































