ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കായംകുളം സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനില്‍ സബാദിനെതിരെയാണ് പരാതി. കൊല്ലം സ്വദേശിയായ 25കാരിയാണ് പരാതി നല്‍കിയത്.
ഏപ്രില്‍ നാലിനാണ് യുവതി അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ മാറിടത്തില്‍ കടന്നുപിടിച്ചുവെന്നാണ് പരാതി.
also read:
യുവതി ആശുപത്രിയില്‍ എത്തിയ സമയത്ത് തന്നെ അവിടെ വിവരം പറയുകയും തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മൊഴിയെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ആരോപണവിധേയനായ സിനില്‍ സബാദിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം വിട്ടയക്കുകയായിരുന്നെന്നും യുവതി പറയുന്നു.
പരാതിയില്‍ നിന്ന് പിന്മാറാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ ഇതുവരെ വൈദ്യപരിശോധന നടത്തിയില്ല, രഹസ്യമൊഴിയും രേഖപ്പെടുത്തിയില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസില്‍ നിന്ന് ഇതുവരെ നീതി ലഭിച്ചില്ലെന്നാണ് യുവതിയുടെ പരാതി.





































