Home News Breaking News കണ്ണൂരിൽ മരിച്ച നിതിൻ രാജിന്റെ സംസ്കാരം ഇന്ന്, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കണ്ണൂരിൽ മരിച്ച നിതിൻ രാജിന്റെ സംസ്കാരം ഇന്ന്, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

Advertisement

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം ഇന്ന്.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം നെടുമങ്ങാട് പുതുക്കുളങ്ങരയിലുള്ള വീട്ടിൽ രാവിലെ 7 മണിയോടെ എത്തിച്ചു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നും കുടുംബം പരാതി ഉന്നയിക്കുന്നുണ്ട്.
നിധിൻരാജിന്റെ സഹോദരി ഭർത്താവ്‌ അശോക്‌ ഉൾപ്പെടെയുള്ളവർ എത്തിയാണ്‌ കോളേജ്‌ അധികൃതർക്കെതിരെ പരാതി നൽകിയത്‌.

മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ.റാം, അസോസിയേറ്റ് പ്രൊഫസർ ഡോ.കെ .ടി സംഗീത നമ്പ്യാർ എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

നിതിന്റെ മരണത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം തുടരുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരിൽ നിന്ന് വിശദമായ മൊഴിയെടുക്കും. നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര പരാതിയുമായിട്ടാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.  ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിതിനെ ജാതിയും നിറവും സാമ്പത്തിക സ്ഥിതിയും പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്ന് അച്ഛൻ രാജൻ പറഞ്ഞു. എന്നാൽ കോളജ് ആരോപണം നിഷേധിക്കുകയാണ്.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയും ഡിവൈഎഫ്ഐ അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയും ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here