കണ്ണൂര്‍ : മയ്യില്‍ മുല്ലക്കൊടിയിൽ സിപിഐ എം പ്രവർത്തകനെ കോൺഗ്രസുകാരൻ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. വ്യാഴായ്ച വൈകിട്ട് 6.30 ഓടെ മുല്ലക്കോടി യുപി സ്കൂളിലെ ബൂത്തിന് സമീപമാണ് അക്രമണമുണ്ടായത്. സിപിഐ എം പ്രവർത്തകൻ മുല്ലക്കൊടി കുറ്റിച്ചിറയിലെ പി പി പ്രകാശ(50)നാണ് കുത്തേറ്റത്.
ബൂത്ത് ഏജന്റായ പ്രകാശൻ പോളിങ് കഴിഞ്ഞ് ഇറങ്ങിവരവെ യുഡിഎഫ് ബൂത്ത് ഏജന്റായ ഭാസ്കരനുമായി സംസാരിച്ചുവരികായായിരുന്നു. ഇതിനിടെ ബൂത്തിന് പുറത്തുണ്ടായ ഭാസ്കരന്റെ സഹോദരൻ ഓട്ടോ ഡ്രൈവറായ കോൺഗ്രസുകാരൻ പി കൃഷ്ണൻ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമാധാനന്തരീക്ഷത്തോടെ തെരഞ്ഞെടുപ്പ് നടന്ന പ്രദേശത്ത് ബോധപൂർവം അക്രമണമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് കത്തികുത്തിലേക്ക് കലാശിച്ചത്. പ്രതിയെ മയ്യിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രകാശനെ എൽഡിഎഫ് കൺവീനർ എൻ ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, ബിജു കണ്ടക്കൈ, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിപിഐ എം ജില്ല കമ്മിറ്റി അംഗം കെ സി ഹരികൃഷ്ണൻ, ഏരിയ സെക്രട്ടറി എൻ അനിൽകുമാർ തുടങ്ങിയവർ കണ്ണൂർ എകെജി ആശുപത്രിയിലെത്തി സന്ദർശിച്ചു.




































