കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രത്തിലെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ഥിയായ അഞ്ജലി നായരുടെ അപേക്ഷ ജില്ലാ വരണാധികാരി തള്ളി. വോട്ടിങ് യന്ത്രത്തില്‍ പിവി അഞ്ജലി എന്നു തന്നെയായിരിക്കും സ്ഥാനാര്‍ഥിയുടെ പേര്.
പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് അഞ്ജലി നായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോസ്റ്ററിലും ഫ്ളക്സിലും പേര് അഞ്ജലി നായര്‍ എന്നാണ്. സിനിമ മേഖലയിലും ഇതേ പേരാണ് ഉപയോഗിക്കുന്നതെന്നും അഞ്ജലി നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ആവശ്യം പരിഗണിക്കാന്‍ ഹൈക്കോടതി ജില്ലാ വരണാധികാരിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ വരണാധികാരി ആവശ്യം തള്ളി. പേര് മാറ്റില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഹോം വോട്ടിങ് അടക്കം തുടങ്ങിയ സാഹചര്യത്തില്‍ പേര് മാറ്റാന്‍ സാധിക്കില്ലെന്നു കമ്മീഷന്‍ നിലപാടെടുത്തു. പത്രിക സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ അഞ്ജലി നായര്‍ എന്ന പേര് നല്‍കിയിരുന്നില്ലെന്നു വരണാധികാരി ചൂണ്ടിക്കാട്ടി. പേര് മാറ്റണമെങ്കില്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ തന്നെ വ്യക്തമാക്കണമായിരുന്നുവെന്നു വരാണാധികാരി പറയുന്നു. പോസ്റ്റല്‍ വോട്ടിനായുള്ള പട്ടിക പുറത്തിറക്കിയപ്പോള്‍ പിവി അഞ്ജലി എന്ന പേരാണ് ഉള്‍പ്പെടുത്തിയിരുന്നത്. നിലവില്‍ രേഖകള്‍ പ്രകാരം ഏതാണോ പേര് വോട്ടിങ് യന്ത്രത്തില്‍ അതേ നല്‍കാന്‍ സാധിക്കു എന്നും വരണാധികാരി വ്യക്തമാക്കി.































