ശാസ്താംകോട്ട:കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഭരണിക്കാവിൽ ഒരുക്കിയ “ഗ്രാഫിറ്റി വാൾ” ശ്രദ്ധേയമാകുന്നു.കലാകാരനായ സ്ഥാനാർത്ഥിയുടെ കലാകാരന്മാരായ സുഹൃത്തുക്കൾ ഒത്തു ചേർന്ന്,അവരുടെ കൂട്ടായ്മയായ മോന്തായത്തിൻ്റെ നേതൃത്വത്തിലാണ് കടപുഴ റോഡിൽ
സൃഷ്ടികൾ സംസാരിക്കുന്ന ഗ്രാഫിറ്റി വാൾ ഒരുക്കിയത്.മഹാ നഗരങ്ങളിൽ മാത്രം കാണപ്പെടുന്ന ഉയരമതിൽ ചിത്രത്തിനു പിന്നിൽ ചിത്രകാരനായ ഷെൻ ലേയുടെ കരങ്ങളുമുണ്ട്.2500 സ്ക്വയർ ഫീറ്റിൽ തയ്യാറാക്കിയ ആർട്ട് വാളിന് 40 അടി വീതിയും 50 അടി ഉയരവുമാണുള്ളത്.സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇത്തരമൊരു സൃഷ്‌ടി ആവിഷ്‌കരിച്ചിട്ടുള്ളത്.കൊല്ലം തേനി ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നവർ ഉൾപ്പെടെയുള്ള കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി മാറുകയാണ് ഈ നിർമ്മിതി.വ്യത്യസ്ത നിറങ്ങളിൽ ലൈറ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുള്ളതിനാൽ ഗ്രാഫിറ്റി വാളിൻ്റെ രാത്രികാല കാഴ്ച അതിമനോഹരമാണ്.വർണ്ണങ്ങൾ ചാലിച്ച മനോഹരമായ ഈ കലാവിരുന്ന് നേരിട്ട് കാണാനും സെൽഫിയെടുക്കാനും നിരവധിയാളുകളാണ് എത്തുന്നത്.ഗ്രാഫിറ്റി വാൾ സ്ഥിതിചെയ്യുന്ന ഉല്ലാസം സ്ക്വയറിൽ ഉല്ലാസ് കോവൂരിന്റെ വിജയത്തിനായി വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിട്ടുണ്ട്.സംസ്കാര സാഹിതി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെയും കെ.എസ്.യു ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടക്കുന്നത്.വ്യാഴാഴ്ച വൈകിട്ട് 5ന് പ്രശസ്ത വയലിനിസ്റ്റ് അജിത് ശോഭയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് അരങ്ങേറും.തുടർന്നുള്ള ദിവസങ്ങളിൽ കുന്നത്തൂരിലെ പ്രാദേശിക കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും നടക്കും.രാഷ്ട്രീയ പ്രചരണത്തിനപ്പുറം കലയെയും കായിക വിനോദങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ള ജനകീയ കൂട്ടായ്മയാണ് നടക്കുന്നതെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.





































