തിരുവനന്തപുരം: പേരാമ്പ്രയിലെ പ്രചാരണ വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിന് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും ബിനോയ് വിശ്വം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ എസ്ഡിപിഐ പിന്തുണയിലും ബിനോയ് വിശ്വം പ്രതികരിച്ചു. എസ്ഡിപിഐയുമായി ആശയപരമായി സിപിഐക്ക് ബന്ധമില്ലെന്നും ഇടതുപക്ഷം അഭിമന്യുവിനൊപ്പമാണ് ഘാതകരുടെ ഒപ്പമല്ലെന്നുമായിരുന്നു പ്രതികരണം.
പേരാമ്പ്രയിലെ പ്രചാരവേലകളോട് എൽഡിഎഫിന് ബന്ധമില്ല. എൽഡിഎഫിന് പറയാൻ കൃത്യമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ടെന്നും വർഗീയ പ്രചാരണത്തിന് എൽഡിഎഫ് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന എഫ്സിആർഎ നിയമ ഭേദഗതി ബിൽ പിൻവലിക്കുമോ എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എഫ്സിആർഎ ബിൽ ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കുന്നു. വോട്ടിൻ്റെ കാര്യത്തിൽ ആശങ്ക കൊണ്ട് ബിൽ അവതരിപ്പിച്ചില്ല. എന്നാൽ ആ ബിൽ എവിടെയും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ പിന്തുണയിലും ബിനോയ് വിശ്വം പ്രതികരിച്ചു. എസ്ഡിപിഐയുമായി ആശയപരമായി സിപിഐക്ക് ബന്ധമില്ലെന്നും വേണ്ടത് മനുഷ്യരുടെ വോട്ടാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങൾ മതഭ്രാന്തിനെതിരാണ്. സിപിഐയും സിപിഎമ്മും ഇത് പലതവണ വ്യക്തമാക്കിയതാണ്.
അഭിമന്യുവിനെ കൊന്നവരുടെ വോട്ട് വാങ്ങിക്കുമോ? ഇടതുപക്ഷം അഭിമന്യുവിനൊപ്പമാണ്. ഘാതകരുടെ കൂടെയല്ല. പക്ഷെ ഞങ്ങൾക്ക് എല്ലാ മനുഷ്യരുടെയും വോട്ട് വേണമെന്നും ബിനോയ് വിശ്വം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.



































