തിരുവല്ല: FCRA ഭേദഗതി ബില്ലിലെ വിവാദ സെക്ഷനുകള്‍ നീക്കം ചെയ്യണമെന്നും FCRA ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പിടിച്ചെടുക്കാനുള്ള ഭേദഗതി നിര്‍ദ്ദേശം അപലപനീയമാണെന്നും കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി.) പ്രസ്താവിച്ചു. അംഗസഭകള്‍ FCRA ഫണ്ട് ഉപയോഗിച്ച് വിദേശത്തുനിന്നും കൊണ്ടുവന്ന പണം വിദേശത്തുള്ള സഭാംഗങ്ങള്‍ നല്കുന്ന സംഭാവനകളാണ്. അവ ഈ സമൂഹത്തിലെ ജാതിമതഭേദമന്യേ ആവശ്യത്തിലിരിക്കുന്നവരെയും അനാഥരെയും സംരക്ഷിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടിയാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. കാലാകാലങ്ങളില്‍ ഇത് സംബന്ധിച്ച് രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ പാലിച്ചാണ് സഭകള്‍ ഇവ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ വിവാദ ഭേദഗതി ബില്‍ ക്രൈസ്തവ സമൂഹത്തിന് ആശങ്കയുളവാക്കുന്നു. ഇത് സംബന്ധിച്ച് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ആശങ്കകള്‍ അറിയിച്ചുകൊണ്ട് പ്രധാന മന്ത്രിക്കും കേന്ദ്ര ധനകാര്യ മന്ത്രിക്കും കത്ത് അയച്ചതായും പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറാര്‍ റവ. ഡോ. ടി. ഐ. ജയിംസ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Home News Breaking News എഫ് സി ആർ എ ഭേദഗതി ബില്ലിലെ വിവാദ സെക്ഷനുകള്‍ നീക്കം ചെയ്യണം: കേരളാ കൗണ്‍സില്‍...




































