Home News Breaking News കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ,അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദത്തിന്...

കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ,അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദത്തിന് ചെല്ലാൻ തയ്യാറെന്ന് സതീശന്‍

Advertisement

കൊച്ചി. വികസന വിഷയങ്ങളിൽ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദത്തിന് ചെല്ലാൻ തയ്യാറാണ്. 24 മണിക്കൂർ മുൻപ് അറിയിച്ചാൽ മതി.

നിയമസഭയിൽ ഈ സർക്കാരിനെതിരെ പ്രതിപക്ഷം അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ഏറ്റവും അവസാനം ശബരിമല വിഷയത്തിലാണ് സമരം ചെയ്തത്. ശബരിമല വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സഭയിൽ അനുവദിച്ചില്ലെന്നും വിഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി ഒരു ചോദ്യത്തിനും ഉത്തരം പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ലൈഫ് പദ്ധതിയെക്കുറിച്ച് യമണ്ടൻ നുണ പറഞ്ഞത് മുഖ്യമന്ത്രിയാണ്. 2011 മുതൽ 2016 വരെ വെറും 4000 വീടു മാത്രമാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പണിതതെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് യമണ്ടൻ നുണ. അതല്ല, 4,43000 വീടുകൾ പണിതെന്ന് രേഖകൾ കൊണ്ട് തെളിയിച്ചു. അപ്പോൾ മുഖ്യമന്ത്രി അതിൽ നിന്നും പിന്മാറി. വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോൾ കേരളം മുഴുവൻ കോളിളക്കമുണ്ടാക്കിയ സിപിഎമ്മും എൽഡിഎഫും, ഇപ്പോൾ എസ്ഡിപിഐയുടെ പിന്തുണയെപ്പറ്റി മിണ്ടുന്നില്ലെന്ന് വിഡി സതീശൻ ആരോപിച്ചു.

ഇപ്പോൾ എസ്ഡിപിഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോൾ മുഖ്യമന്ത്രി ക്ഷുഭിതനാകുകയാണ്. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് എസ്ഡിപിഐ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ മുന്നണിയാണ് യുഡിഎഫ്. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുക എന്നതാണ് യുഡിഎഫ് നിലപാട്. എന്നാൽ, പുറമേ മതേതരത്വം പറയുകയും രഹസ്യമായി ആർഎസ്എസുമായും എസ്ഡിപിഐയുമായും ഡീലുകൾ ഉണ്ടാക്കുകയുമാണ് സിപിഎമ്മിന്റെ രീതിയെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ. ആർഎസ്എസുമായും ജമാഅത്തെ ഇസ്ലാമിയുമായും ബന്ധമില്ലെന്ന പിണറായി വിജയന്റെ വാദങ്ങൾ തെളിവുകൾ സഹിതം പൊളിച്ചതാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഗണേഷ് കുമാറിനെതിരേ ആരോപണം വന്നപ്പോൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജി ചോദിച്ചുവാങ്ങി. എന്നാൽ ഇപ്പോൾ അതിനേക്കാൾ വലിയ വിഷയങ്ങൾ ഉണ്ടായിട്ടും കുടുംബപ്രശ്നമെന്ന് പറഞ്ഞ് കൈകഴുകാനാണ് മുഖ്യമന്ത്രിയായ പിണറായി വിജയൻ ശ്രമിക്കുന്നത്. വികസനം, ശബരിമല, സ്വർണക്കടത്ത്, വർഗീയത തുടങ്ങിയ ഏത് വിഷയത്തിലും പിണറായി വിജയനുമായി, അദ്ദേഹം പറയുന്ന സ്ഥലത്തുവെച്ച് സംവാദത്തിന് തയ്യാറാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here