വയനാട് ഫണ്ട് വിവാദം സജീവ ചർച്ചയാക്കാൻ എൽ.ഡി.എഫ്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരെ വയനാട് വിവാദം ഉയർത്തിയാൽ നേട്ടം ഉണ്ടാകുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. എസ്.ഡി.പി.ഐയുമായുള്ള ഡീൽ വിവാദം ചർച്ചചെയ്യേണ്ടെന്നും എൽ.ഡി.എഫ് തീരുമാനം.
വയനാട് ദുരന്തബാധിതർക്കായി പിരിച്ച ഫണ്ട് എവിടെയെന്ന ചോദ്യമുയർത്തി കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കാനാണ് എൽഡിഎഫ് നീക്കം. പാർട്ടിയുടെയോ പ്രതിപക്ഷ നേതാവിന്റെയോ, കെ.പി.സി.സി അധ്യക്ഷന്റെയോ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കണക്കുകൾ കാണിച്ചിട്ടില്ല. ഇത് ഉയർത്തി കോൺഗ്രസിനെ പ്രതിരോധത്തിലാക്കുക എന്നതാണ് പുതിയ തന്ത്രം. കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് വീട് നിർമ്മാണത്തിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടില്ല. ഇതും ചർച്ചയാക്കും. അതിൻ്റെ ഭാഗമായാണ് ഡിവൈഎഫ്ഐ കുടിൽകെട്ടി സമരം ആരംഭിച്ചത്. വയനാട് ചര്‍ച്ചയായാൽ ടൗൺഷിപ്പ് ഉൾപ്പെടെ ചർച്ച ആവുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നു. ഇത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും എന്ന വിലയിരുത്തലിലാണ് പുതിയ ചർച്ചയ്ക്ക് കളമൊരുക്കിയത്.
എന്നാൽ എസ്ഡിപിഐയുമായുള്ള ഡീൽ വിവാദം എൽ.ഡി.എഫിനെ പ്രതിരോധത്തിൽ ആക്കുന്നുണ്ട്. എസ്ഡിപിയുമായി ഒരു ബന്ധവുമില്ല എന്ന ഉറച്ച നിലപാട് സിപിഐ സ്വീകരിക്കുന്നു. എന്നാൽ സിപിഐഎം നേതാക്കളുടെ പ്രതികരണത്തിൽ വൈരുദ്ധ്യം വ്യക്തം. മുഖ്യമന്ത്രിയും എം എ ബേബി ഉൾപ്പെടെയുള്ളവർ എസ്ഡിപിഐ വോട്ട് വേണ്ട എന്ന് പറയുന്നുമില്ല. വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രകോപിതനായ മുഖ്യമന്ത്രിയെയും ഇന്ന് കണ്ടു. ഈ ആശയക്കുഴപ്പം പരിഹരിക്കാനുള്ള എൽഡിഎഫ് നീക്കം എന്തെന്ന് വരും ദിവസങ്ങളിൽ അറിയാം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളും വീണ്ടും ചർച്ചചെയ്യാൻ എൽഡിഎഫ് ശ്രമിക്കുന്നുണ്ട്. രമേശ് ചെന്നിത്തല ഉയർത്തിയ സഹകരണ വകുപ്പിനെതിരായ അഴിമതി ആരോപണത്തിൽ മൗനം പാലിക്കാനാണ് തീരുമാനം. എൽഡിഎഫ് എംഎൽഎമാർ ഉള്ള മണ്ഡലങ്ങളിൽ സംവാദ വെല്ലുവിളി നടത്തി മുൻതൂക്കം നേടാനുള്ള ശ്രമവും ഉണ്ട്.



































