തിരുവനന്തപുരം.ദൂരദർശൻ എഡിറ്റ് വിവാദം. സിപിഐ തിരഞ്ഞെടുപ്പ് പ്രഭാഷണത്തില്‍ കത്രിക വീണതില്‍ പ്രതിഷേധം
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി രാഷ്ട്രിയ പാർട്ടികൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വെയ്ക്കുന്നതിനും, നിലപാട് പറയുന്നതിനുമടക്കം ദൂരദർശനിൽ ഒരു പ്രോം ഗ്രാം സ്ലോട്ട് അനുവദിച്ചിട്ടുണ്ട്.
സി പി ഐ ക്ക് ഇന്നായിരുന്നു അനുവദിച്ചിരുന്ന സമയം. എന്നാൽ എന്താണ് പറയാൻ പോകുന്നത് എന്നതിൻ്റെ കോപ്പി നേരത്തെ ദൂരദർശന് കൈമാറണം എന്നതായിരുന്നു നിർദേശം. ഇതിൻ്റെ അടിസ്ഥാനത്തിൽ സി പി ഐ അത് കൈമാറുകയും ചെയ്തു.
ഇന്ന് പ്രോഗ്രാമിനായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ദൂരദർശനിൽ എത്തിയപ്പോൾ ചില തിരുത്തുകൾ വരുത്തിയിട്ടുണ്ട് എന്ന് പ്രോഗ്രാം ടീം അറിയിച്ചു. തിരുത്തിയ ഭാഗം പരിശോധിക്കുമ്പോഴാണ് അത് ബിജെപിയെ വിമർശിക്കുന്ന ഭാഗമാണ് എന്ന് മനസ്സിലാവുന്നത്. എന്തുകൊണ്ട് തിരുത്തി എന്ന ചോദ്യത്തിന് വെറ്റിംഗ് കമ്മിറ്റിയാണ് തിരുത്തിയത് എന്നായിരുന്നു ബിനോയി വിശ്വത്തിന് ലഭിച്ച മറുപടി.
പിന്നീട് പ്രോഗ്രാമിൽ പാലിക്കേണ്ട ഗൈഡ് ലൈൻസ് ബിനോയി വിശ്വം പരിശോധിച്ചെങ്കിലും, യാതൊരു വിധ ലംഘനങ്ങളും കണ്ടെത്താനും കഴിഞ്ഞില്ല. തുടർന്ന് പരിപാടി ബഹിഷ്കരിച്ച് അദ്ദേഹം ഇറങ്ങി പോരുന്നു.
എഡിറ്റ് ചെയ്ത് നീക്കിയ വരികൾ
ബിജെപി പിന്തിരിപ്പൻ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നു. അവർ അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും നേർക്ക് ഭരണകക്ഷിയുടെ പിന്തുണയോടെ കടന്നാക്രമണങ്ങൾ നടക്കുന്നു. പീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് നിയമവാഴ്ചയുടെ സൗകര്യങ്ങൾ ലഭിക്കുന്നില്ല. പീഡകർക്ക് എല്ലാ സംരക്ഷണവും ലഭിക്കുകയും ചെയ്യുന്നു. കേരളത്തിൽ സ്ഥിതി വ്യത്യസ്ഥമാണ്- ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയും വിഭജന രാഷ്ട്രീയത്തിലൂടെ സ്വയം ശക്തി പ്രാപിക്കുകയും ചെയ്യുക എന്നതാണ് അവരുടെ നയം.
- പരാതിയുമായി മുന്നോട്ട് പോകുമെന്ന് സി പി ഐ. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ്





































