കണ്ണൂർ: താൻ സ്ഥാനാർഥിയായത് തളിപ്പറമ്പിലെ വോട്ടർമാർ ആവശ്യപ്പെട്ടത് കൊണ്ടെന്ന് യുഡിഎഫ് വിമത സ്ഥാനാർഥി കൊയ്യം ജനാർദ്ദനൻ. തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണം എന്നതായിരുന്നു ആവശ്യം. കോണ്‍ഗ്രസ് ടി കെ ഗോവിന്ദനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ചാണ് മത്സരിക്കുന്നത്. ടി കെ ഗോവിന്ദൻ ജയിച്ചാൽ യു ഡി എഫിനൊപ്പം നിൽക്കുമെന്നതിനു എന്താണ് ഉറപ്പെന്നും കൊയ്യം ജനാർദ്ദനൻ ചോദിക്കുന്നു. കെ സി വേണുഗോപാലും സണ്ണി ജോസഫും വിളിച്ചിരുന്നു. നേതൃത്വത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കൊയ്യം ജനാർദ്ദനൻ പറഞ്ഞു.
നേതാക്കൾ അണികളെ ചതിക്കുകയാണെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ സന്തോഷമെന്നും വിതുമ്പിക്കൊണ്ട് കൊയ്യം ജനാർദ്ദനൻ പറഞ്ഞു. അരിയിൽ ഷുക്കൂറിന്‍റെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ട്. 60 വർഷം കോൺഗ്രസിനെ ഉപദ്രവിച്ച, കോൺഗ്രസ് പ്രവർത്തകരെ അടിക്കാൻ നേതൃത്വം നൽകിയ ആളാണ് ടി കെ ഗോവിന്ദൻ.
ടി കെ ഗോവിന്ദനെ സ്ഥാനാർഥിയാക്കിയത് കൂട്ടായ തീരുമാനം അല്ല. ഡി സി സി പ്രസിഡന്റിനോട് എതിർപ്പ് അറിയിച്ചതാണ്. നോമിനേഷൻ നൽകുമ്പോൾ കെട്ടിവയ്ക്കാൻ പണം ഇല്ലായിരുന്നു. മകൾ അയച്ചുതന്ന പണം ആണ് കെട്ടിവച്ചതെന്നും കൊയ്യം ജനാർദ്ദനൻ പറഞ്ഞു.
വിമത സ്ഥാനാർത്ഥി ആയതോടെ കെപിസിസി അംഗമായ കൊയ്യം ജനാർദ്ദനനെ കോണ്‍ഗ്രസിൽ നിന്നു പുറത്താക്കി. കെപിസിസി, ഡിസിസി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് കെപിസിസി അംഗത്തെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്‍ദ്ദനന്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിജിൽ മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്നീട് പിന്മാറി. അതേസമയം ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് തനിക്ക് പാലിക്കണമെന്ന് പറഞ്ഞ് കൊയ്യം ജനാർദ്ദനന്‍ സ്ഥാനാർത്ഥിത്വത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.





































