കോൺഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. നിര്‍ണായകമായ ചില സീറ്റുകളിൽ തീരുമാനമെടുക്കാൻ ഇന്നലെയും നേതൃത്വത്തിനായിട്ടില്ല. ധാരണയിലെത്താത്ത 5 മണ്ഡലങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചുമതലപ്പെടുത്തി.
Also Read:
തിരുവനന്തപുരം ,എറണാകുളം, കോട്ടയം ,ഇടുക്കി, തൃശൂർ ജില്ലകളിൽ വിവിധ സീറ്റുകളിലാണ് തർക്കം. കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി വി.ഡി.സതീശനും ദീപ്തി മേരി വർഗീസിനായി കെ.സി. വേണുഗോപാലും നിലയുറപ്പിച്ചത് ചർച്ച നീട്ടിക്കൊണ്ടുപോയി.
അതേസമയം സ്ഥാനാർത്ഥിത്വത്തിനായി പാർട്ടിയോട് ഉടക്കി നിൽക്കുന്ന കെ സുധാകരൻ ഇന്ന് നിലപാട് വ്യക്തമാക്കും. പ്രവർത്തകസമിതി അംഗത്വം രാജിവെക്കുന്നതും സ്വതന്ത്രനായി മത്സരിക്കുന്നതും സുധാകരൻ ആലോചിക്കുന്നുണ്ട്. നാമനിർദ്ദേശപത്രികക്കായുള്ള രേഖകളെല്ലാം സുധാകരൻ തയ്യാറാക്കിയിട്ടുണ്ട്. സുധാകരന്‍റെ നീക്കങ്ങളില്‍ ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചിട്ടുണ്ട്. നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നും പ്രവര്‍ത്തകരുടെ ആവേശം ഇല്ലാതാക്കുന്നുവെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നുമാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്.





























