കോട്ടയം : കോട്ടയം അയർകുന്നം സ്വദേശിയിൽ നിന്ന് ലൊക്കേഷൻ സ്കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ അയർകുന്നം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയുമായ ടി എച്ച് നസറുദ്ദീൻ (53) ആണ് പിടിയിലായത്.
Also Read:
മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ലോൺ എടുക്കുന്നതിനായി വസ്തുവിന്റെ ലൊക്കേഷൻ സ്കെച്ച് ആവശ്യമായി വന്നതിനെ തുടർന്ന് പരാതിക്കാരൻ അയർകുന്നം വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. നസറുദ്ദീൻ ഇയാളുടെ സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി മടങ്ങുന്നതിനിടെയാണ് ലൊക്കേഷൻ സ്കെച്ച് നൽകണമെങ്കിൽ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടത്.
പരാതിക്കാരൻ വിവരം വിജിലൻസ് കിഴക്കൻ മേഖല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇന്ന് വൈകിട്ട് അയർകുന്നം വില്ലേജ് ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 700 രൂപ കൈക്കൂലി വാങ്ങവേയാണ് നസറുദ്ദീൻ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.





























