തിരുവനന്തപുരം.ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മത്സരങ്ങൾ കാത്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. പല മണ്ഡലങ്ങളിലും ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുക. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച എൽഡിഎഫ് സ്ഥാനാർത്ഥികൾ നാളെ മുതൽ പ്രചരണത്തിനിറങ്ങും.
കോവളം മണ്ഡലം ഒഴികെ കഴിഞ്ഞതവണ പൂർണമായും എൽഡിഎഫിന് ഒപ്പം നിന്ന ജില്ലയാണ് തിരുവനന്തപുരം. ഇത്തവണ ജില്ലയിൽ കാത്തിരിക്കുന്നത് തീപാറും പോരാട്ടം. എൽഡിഎഫിൽ നിന്ന് 11 ഉം യുഡിഎഫിലെ ഒന്നും സിറ്റിംഗ് എംഎൽഎ മാർ ഇത്തവണയും കളത്തിലിറങ്ങും. സിറ്റിംഗ് എം.എൽ.എയായ ആൻ്റണി രാജുവിന്റെ കാര്യം കോടതി തീരുമാനിക്കും. ടേം വ്യവസ്ഥയിൽ ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് വി ശശിക്ക് പകരം മനോജ് ബി ഇടമന ജനവിധി തേടും. എൽഡിഎഫ് 12 ഇടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോവളത്തും, തിരുവനന്തപുരം സെൻട്രലിലും മാത്രമാണ് പ്രഖ്യാപനം ബാക്കി. കോവളത്ത് ഐ എസ് ജെ ഡിയും തിരുവനന്തപുരം സെൻട്രലിൽ ജനാധിപത്യ കേരള കോൺഗ്രസുമാണ് മത്സരിക്കുന്നത്.
also read:
ജില്ലയിൽ യുഡിഎഫിൽ വലിയ പ്രതിസന്ധിയാണുള്ളത്. നാലിടത്ത് മാത്രമാണ് സ്ഥാനാർത്ഥികളെ ഉറപ്പിക്കാനായത്. വട്ടിയൂർക്കാവിൽ കെ മുരളീധരനും, കോവളത്ത് എം. വിൻസെൻ്റും, അരുവിക്കരയിൽ കെ.എസ് ശബരിനാഥനും , തിരുവനന്തപുരത്ത് സിപി ജോണും സീറ്റ് ഉറപ്പിച്ചു. ബാക്കി പത്തിടങ്ങളിലും സീറ്റിനായി മുതിർന്ന നേതാക്കളുടെ പിടിവലിയാണ്. പലയിടങ്ങളിലും വിമതഭീഷണിയും നേരിടുന്നു.
ബിജെപി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജില്ലയാണ് തിരുവനന്തപുരം. നേമത്ത് രാജീവ് ചന്ദ്രശേഖരനും, കഴക്കൂട്ടത്ത് വി മുരളീധരനും, വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയും, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസും ജനവിധി തേടും. നാലു മണ്ഡലങ്ങളും ക്ലാസ് മണ്ഡലമായാണ് ബിജെപി പരിഗണിക്കുന്നത്. ഇവിടങ്ങളിൽ ശക്തമായ ത്രികോണ പോരാട്ടം നടക്കും. കാമരാജ് കോൺഗ്രസുമായുള്ള തർക്കമാണ് തിരുവനന്തപുരത്തെ എൻഡിഎയിലെ പ്രതിസന്ധി. മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർഥിയെ ഉറപ്പിക്കാനും കഴിഞ്ഞിട്ടില്ല.


































