തിരുവനന്തപുരം: ഇത്തവണ ഇടത് മുന്നണി ഞെട്ടിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ സി പി ഐ, സി പി എം പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മറ്റ് രണ്ട് മുന്നണികളെയും ഞെട്ടിച്ചു.ഇടത് മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ മണ്ഡലങ്ങൾ തോറും സ്ഥാനാർത്ഥികൾ റോഡ് ഷോയും നടത്തി ഓള മുണ്ടാക്കി.പ്രചരണത്തിന് കുറച്ച് ദിവസങ്ങൾ മാത്രമായത് ഇടത് മുന്നണിക്ക് നേട്ടമാകുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചതോടെ പ്രവർത്തകരും ആവേശത്തിലായി. മുന്നണിയുടെ 90 ശതമാനം എം എൽ എ മാരും മത്സരിക്കുന്നത് കൊണ്ട് മണ്ഡലത്തിൽ ഒരു പരിചയപ്പെടുത്തലും ആവശ്യമില്ല.
യു ഡി എഫ് ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ ഉണ്ടാകാൻ ഇടയുണ്ടന്ന വാർത്തകൾ വരുന്നുണ്ട്.സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ തർക്കം ഉണ്ടാകാൻ ഇടയില്ലന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും ഉള്ളിലുള്ള വൈരുദ്ധ്യങ്ങൾ പടലപിണക്കത്തിന് കാരണമാകും. ഇത്തവണ പരാജയപ്പെട്ടാൽ അത് വൻ തിരിച്ചടിയാകും എന്നതും നേതൃത്വത്തിനറിയാം. എങ്കിലും പതിവുപോലെ സ്ഥാനമോഹികളായ നേതാക്കള്‍ പോര്‍വിളിയുമായി രംഗത്തുണ്ട്. ഇക്കൂട്ടരെ സമാധാനപ്പെടുത്തുന്നതിനാണ് വോട്ടുറപ്പിക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസ് നേതൃത്വം സമയം ചിലവിടുന്നത്.
എൻ ഡി യു ടെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ പ്രതീക്ഷിക്കുന്നു. പാർട്ടി മുൻതൂക്കം നൽകുന്ന എ ക്ലാസ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാകും പ്രധാന പ്രചരണ പ്രവർത്തനങ്ങൾ എങ്കിലും 140 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് നേടിയ മേൽക്കൈ നിലനിർത്തി താഴേതട്ടിലേക്കുള്ള പ്രചരണങ്ങളും മണ്ഡലം കൺവൻഷനുകളും നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇടത് മുന്നണി. ഭരണവിരുദ്ധ വികാരമടക്കമുള്ള സകല പ്രശ്നങ്ങളും അടിത്തട്ടിലേക്കുമാറ്റി പ്രചരണത്തിന്‍റെ ഓളമുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് മുന്നണി.


































