പാലക്കാട് കൂറ്റനാട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു. വീട്ടുകാർ പൂരത്തിന് പോയ സമയത്താണ് കവർച്ച.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കും 8.30നും ഇടയിലാണ് മോഷണം നടന്നത്. തൊഴുക്കാട് ഹരിഭവനിൽ സുധീറിൻ്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണം കവർന്നത്.
വീട്ടുകാർ ആമക്കാവ് പൂരത്തിന് പോയ സമയത്തായിരുന്നു മോഷണം. 6 മണിക്കാണ് വീട്ടുകാർ പൂരത്തിന് പോയത്. തൊട്ടപ്പുറത്ത് താമസിക്കുന്ന സുധീറിൻ്റെ അമ്മ വീട്ടിൽ എത്തി വാതിൽ തുറന്നു നോക്കിയപ്പോഴാണ് വീടിനകത്തെ വാതിലുകൾ തുറന്നു കിടക്കുന്നതും അലമാരയിലെ വസ്തുക്കൾ വലിച്ചു വാരിയിട്ട നിലയിലും കാണുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് വീട്ടുകാർ വന്ന് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം നഷ്ടമായത് അറിയുന്നത്.
ടെറസിലേ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. അടുക്കള ഭാഗത്തെ ഗ്രില്ലിൻ്റെ പൂട്ടും തകർത്തിട്ടുണ്ട്. ഷൊർണൂർ DYSP, ചാലിശ്ശേരി പോലീസും, ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 2 പേരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സമീപത്തെ സിസിടിവിയിൽ നിന്നു ഇവരുടെ ദൃശ്യങ്ങൾ ലഭിച്ചതായാണ് സൂചന.





























