തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്ന വാർത്തകളിൽ പ്രതികരിച്ച് ഭാര്യ ബിന്ദു മേനോൻ. പറയാൻ കഴിയാത്തത്ര മോശം കാര്യമാണ് കണ്ടതെന്നും തെളിവായി ചിത്രങ്ങൾ കയ്യിലുണ്ടെന്നും ബിന്ദു പറഞ്ഞു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചതായും അവർ വ്യക്തമാക്കി.
ബിന്ദു മേനോന്റെ വാക്കുകളിൽ നിന്ന്: മന്ത്രിയുടെ ഒരഭിമുഖം കണ്ടതിന്റെ ഭാഗമായാണ് ഇപ്പോൾ സംസാരിക്കുന്നത്. 2014ൽ വിവാഹം കഴിഞ്ഞതുമുതൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. 2019ൽ പ്രശ്നമുണ്ടായപ്പോഴും ശ്രീലേഖയെ ബന്ധപ്പെട്ടിരുന്നു. എന്റെ പിതാവിന്റെ സഹോദരിയുടെ മകൻ ആണ് ശ്രീലേഖയുടെ ഭർത്താവ്. 2019ലെ പ്രശ്‌നത്തിലും കോംപ്രമൈസിനായി സംസാരിച്ചിരുന്നു. അതിനുശേഷം ഗണേശുമായി ഒരുമിച്ച് താമസിച്ചു. എന്തുകൊണ്ടാണ് ഗണേശുമായി പ്രശ്നമുണ്ടായതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.മന്ത്രിയായതിനുശേഷം വലിയ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. മന്ത്രിയുടെ സുഹൃത്തുക്കളും സ്റ്റാഫും എനിക്കെതിരാണ്. ശക്തിയുടെയും അധികാരത്തിന്റെയും ഒപ്പം മാത്രമേ ആളുകൾ നിൽക്കുകയുള്ളൂ. ഞാൻ തീർത്തും ഒറ്റയ്ക്കായി. പല സ്ത്രീകളുടെയും പ്രശ്നങ്ങൾ കാരണം ഞാൻ വഴക്കുണ്ടാക്കുമായിരുന്നു.
എനിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് പറഞ്ഞാണ് ഗണേശ് എന്നെ നിയന്ത്രിക്കുന്നത്. അതിനാൽ രണ്ട് മാസമായി എന്റെ ഫോൺ ബ്ളോക്ക് ചെയ്തുവച്ചിരിക്കുകയാണ്. വാളകത്ത് നടക്കുന്ന കാര്യങ്ങളറിഞ്ഞ് പല സ്ത്രീകളെയും വിളിച്ച് ഞാൻ വഴക്ക് പറഞ്ഞിട്ടുണ്ട്. രണ്ട് മാസമായി ഞങ്ങൾ അകന്നാണ് കഴിയുന്നത്.എനിക്ക് സംശയരോഗമാണെന്ന് ഗണേശ് എല്ലാവരോടും പറയുന്നു. എന്നാലിതിൽ ഒരവസാനം വേണമെന്ന് ഞാൻ തീരുമാനിച്ചു. ഇത് കണ്ടുപിടിക്കാനാണ് ആരോടും പറയാതെ ശനിയാഴ്‌ച വാളകത്ത് പോയത്. വാതിൽ തുറന്ന് ഓടി ബെഡ്‌റൂമിലേയ്ക്ക് പോയി. കണ്ട കാര്യങ്ങൾ ഫോട്ടോയെടുക്കാൻ നോക്കിയപ്പോൾ സ്റ്റാഫ് തടഞ്ഞു. പറയാൻ കഴിയാത്തത്ര മോശം കാര്യമാണ് കണ്ടത്. എന്റെ കയ്യിൽ എല്ലാ ചിത്രങ്ങളുമുണ്ട്.
മന്ത്രിയെയോ ആരെയോ മോശമായി ഞാനൊന്നും പറയുകയോ പ്രതികരിക്കുകയോ ചെയ്തില്ല. മന്ത്രിയുടെ നിർദേശപ്രകാരം സ്റ്റാഫ് എന്റെ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഞാനുടനെ ലേഖ ചേച്ചിയെ വിളിച്ചു. ബിജെപി സ്ഥാനാർത്ഥിയായല്ല ചേച്ചിയെ വിളിച്ചത്. ചേച്ചിയാണ് കൺട്രോൾ റൂമിൽ വിളിക്കാൻ പറഞ്ഞത്. പൊലീസിനെ വിളിച്ചതിനുശേഷം ഞാൻ പുറത്തേയ്ക്ക് ഓടാൻ ശ്രമിച്ചു. എന്നാൽ സ്റ്റാഫ് എന്നെ വാതിൽ തുറക്കാൻ സമ്മതിച്ചില്ല. പൊലീസ് വരുന്നതിനുമുൻപ് തന്നെ ഗണേശിന്റെ സ്റ്റാഫ് സ്ത്രീയെ കാറിൽകയറ്റി കൊണ്ടുപോയി. ഗണേശ് ഉള്ളിലേക്കോടി വാതിലടച്ചു.പൊലീസിനോട് പറഞ്ഞപ്പോൾ അവരുടെ പരിധിയിൽ വരുന്നതല്ലെന്ന് പറഞ്ഞു. അപ്പോൾ ഞാൻ പിണറായി സാറിനെ വിളിക്കുമെന്ന് പറഞ്ഞു. അപ്പോളവർ കാത്തിരിക്കാൻ പറഞ്ഞു. ചേച്ചി ഒന്നും ചെയ്യല്ലേയെന്ന് സ്റ്റാഫ് പറഞ്ഞു.
സാറിന് തെറ്റുപറ്റി ക്ഷമിക്കാൻ പറഞ്ഞു. കാലിൽ വീണു. പൊലീസ് പറഞ്ഞതനുസരിച്ച് ഞാൻ ഉള്ളിലേയ്ക്ക് പോയി എന്റെ സാധനങ്ങൾ എടുത്തു. മന്ത്രി അപ്പോൾ ഫോണിൽ സംസാരിക്കുകയായിരുന്നു. പിന്നീട് ഞാൻ വാതിൽ തുറന്ന് പുറത്തുവന്നപ്പോൾ പുറത്ത് പൊലീസ് ഉണ്ടായിരുന്നില്ല. മന്ത്രിയെന്നെ വിളിച്ച് ക്ഷമ പോലും ചോദിച്ചില്ല. ഞാൻ ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുന്നില്ല. വട്ടായിട്ടാണ് 112ൽ വിളിച്ചതെന്ന് മന്ത്രി പറഞ്ഞതിൽ പ്രതികരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മകളെ വിളിച്ചും ഞാൻ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്.




































