കോഴിക്കോട്. മാനാഞ്ചിറക്കടുത്ത് വൈക്കം മുഹമ്മദ് ബഷീർ റോഡിൽ ഷൂ വിൽപ്പനയുടെ പേരിൽ സംഘർഷം. ഒരു രൂപ കറൻസിയുമായി വരുന്നവർക്ക് ചെരിപ്പ് കട ഷൂ വാഗ്ദാനം ചെയ്തതോടെ നൂറു കണക്കിന് ആളുകൾ എത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. ട്രെൻഡ് ഫാക്ടറി എന്ന കടയുടെ ഉടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരാഴ്ച മുമ്പാണ് ട്രെൻഡ് ഫാക്ടറി എന്ന കടയുടെ ഉദ്ഘാടനം നടന്നത്. ഒരു രൂപയുടെ കറൻസിയുമായി എത്തുന്ന ആദ്യത്തെ നൂറ് പേർക്ക് സൗജന്യമായി ഷൂ നൽകും എന്നത് കടയുടെ റംസാൻ സ്പെഷൽ ഓഫറായിരുന്നു. സാമൂഹൃ മാധ്യമങ്ങൾ വഴി ഓഫർ വൈറലായി.
പുലർച്ചെ മൂന്ന് മണി മുതൽ കടയിലേക്ക് യുവാക്കളുടെയും കുട്ടികളുടെയും മുതിർന്നവരുടെയും ഒഴുക്കായിരുന്നു. രാവിലെ 10 മണിക്ക് എത്തുന്ന 100 പേർക്ക് കൂപ്പൺ നൽകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പുലർച്ചെ അഞ്ച് മണി മുതൽ കൂപ്പൺ നൽകിത്തുടങ്ങിയെന്ന് നാട്ടുകാർ പറയുന്നു
സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. കടയുടമകളായ 3 പേർ പൊലീസ് കസ്റ്റഡിയിലാണ്. വിഷയത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു





























