വെള്ളറട: അടുത്ത തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി ടീം യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം ഈ ദുർഭരണത്തെ തുടച്ച് നീക്കുക എന്നതാണ്.
നാം ഒരു മഹായുദ്ധത്തിന് പുറപ്പെടുകയാണ്.ഒരു നാട് മുഴുവൻ നശിപ്പിച്ച് കശക്കി എറിഞ്ഞവർക്കെതിരെയുള്ള പോരാട്ടത്തിൽ പിണറായി വിജയൻ സലാം പറയുക തന്നെ ചെയ്യുമെന്നും സതീശൻ പറഞ്ഞു. വെള്ളറടയിൽ പുതുയുഗ യാത്രയുടെ പാറശാല മണ്ഡലം പര്യടനത്തിൻ്റെ സമാപനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ തലയിൽ ആറ് കോടിയുടെ കടഭാരം അടിച്ചേൽപ്പിച്ചാണ് പിണറായി സർക്കാർ ഇറങ്ങുന്നത്. കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ തകർന്നു. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ജനങ്ങൾ പാട്പെടുകയാണ്.കേരളത്തിൽ ന്യൂനപക്ഷ വർഗ്ഗീയതയും വേണ്ട, ഭൂരിപക്ഷ വർഗ്ഗീയതയും വേണ്ട. ഏത് കൊലകൊമ്പൻ വർഗ്ഗീയത പറഞ്ഞാലും നമ്മൾ അത് ചോദ്യം ചെയ്യും. തെരഞ്ഞടുപ്പിൻ്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ എല്ലാരും കോംബ്രമയിസ് ചെയ്യും. നമ്മൾ കോംബ്രമയിസ് ചെയ്യില്ല. വോട്ട് ബാങ്ക് കൈയ്യിലുണ്ടന്ന് പറഞ്ഞ് പേടിപ്പിക്കാൻ വന്നാൽ നമ്മൾ പറയും അത് കൈയ്യിൽ വെച്ചോ, വർഗ്ഗീയത പറയരുത് – സതീശൻ പറഞ്ഞു.സി എം പി നേതാവ് സി പി ജോൺ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.എൻ കെ പ്രേമചന്ദ്രൻ എം പി, വി.കെ ശ്രീകണ്ഠൻ എം പി.,ബെന്നി ബഹനാൻ എം.പി, ഷാനിമോൾ ഉസ്മാൻ, വി കെ ശിവകുമാർ, എൻ ശക്തൻ, നെയ്യാറ്റിൻകര സനൽ എന്നിവർ പ്രസംഗിച്ചു.

































