Home News Kerala ആറ്റുകാല്‍ അമ്മയ്ക്ക് മനസ്സുനിറഞ്ഞ് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി

ആറ്റുകാല്‍ അമ്മയ്ക്ക് മനസ്സുനിറഞ്ഞ് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി

Advertisement

ആറ്റുകാല്‍ അമ്മയ്ക്ക് മനസ്സുനിറഞ്ഞ് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി. ക്ഷേത്രത്തില്‍ ഉച്ചപൂജയ്ക്കു ശേഷം പൊങ്കാല നിവേദിച്ചു. മേല്‍ശാന്തിയാണ് ക്ഷേത്രസന്നിധിയിലെ പണ്ടാര അടുപ്പില്‍ തയാറാക്കിയ പൊങ്കാല നിവേദിച്ചത്. തുടര്‍ന്ന് 350 പൂജാരിമാര്‍ നഗരത്തിന്റെ മറ്റിടങ്ങളില്‍ ഭക്തര്‍ തയാറാക്കിയ പൊങ്കാല നിവേദിക്കുകയാണ്. ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി 7 വരെ ക്ഷേത്ര ദര്‍ശനം ഉണ്ടാകില്ല.
ചലച്ചിത്ര, ടെലിവിഷന്‍ താരങ്ങളും വിവിധ മേഖലകളിലെ പ്രമുഖരുമടക്കം ഇത്തവണയും പൊങ്കാലയിടാന്‍ എത്തി. ഇന്നു രാവിലെ 9.15 ന് ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ ശുദ്ധപുണ്യാഹത്തോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത്. 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങു നടന്നു.
കണ്ണകീചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞപ്പോള്‍ തന്ത്രി പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലില്‍നിന്നു ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകര്‍ന്നു. തുടര്‍ന്ന് ദീപം സഹ മേല്‍ശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും ജ്വലിപ്പിച്ചു. പണ്ടാര അടുപ്പില്‍നിന്നു പകരുന്ന ദീപം ഏറ്റുവാങ്ങി ഭക്തര്‍ സ്വന്തം അടുപ്പുകളില്‍ ജ്വലിപ്പിച്ചതോടെ നഗരം യാഗശാലയായി.
രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍കുത്തും. 10.45 ന് മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെയാണ് ഈവര്‍ഷത്തെ പൊങ്കാല ഉത്സവത്തിനു സമാപനമാകുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here