Home News Kerala വര്‍ക്കലയില്‍ ട്രെയിനിലെ ആക്രമണം; ചികിത്സയിലായിരുന്ന ശ്രീക്കുട്ടി പുതുജീവിതത്തിലേക്ക് ചുവടുവെക്കുന്നു

വര്‍ക്കലയില്‍ ട്രെയിനിലെ ആക്രമണം; ചികിത്സയിലായിരുന്ന ശ്രീക്കുട്ടി പുതുജീവിതത്തിലേക്ക് ചുവടുവെക്കുന്നു

Advertisement

കൊച്ചി: കേരളത്തെ നടുക്കിയ വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലോട് സ്വദേശിനി ശ്രീക്കുട്ടി പുതുജീവിതത്തിലേക്ക് ചുവടുവെക്കുന്നു. മാസങ്ങള്‍ നീണ്ട വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ച ശ്രീക്കുട്ടി ഡിസ്ചാര്‍ജ് ആയി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളില്‍ നിന്ന് അസാമാന്യമായ അതിജീവനകരുത്തോടെയാണ് പെണ്‍കുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്.

കഴിഞ്ഞ നവംബറില്‍ കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ ലഹരിക്കടിമയായ യാത്രികന്‍ ശ്രീക്കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം, മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ഡിസംബര്‍ 25-ന് ശ്രീക്കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.

ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ശ്രീക്കുട്ടിയുടെ ചികിത്സാച്ചെലവുകള്‍ പൂര്‍ണ്ണമായും മാതാ അമൃതാനന്ദമയി മഠമാണ് ഏറ്റെടുത്തത്. അതിനൂതനമായ ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സയുള്‍പ്പെടെയുള്ള സേവനങ്ങള്‍ മഠം സൗജന്യമായാണ് ലഭ്യമാക്കിയത്. അമൃത ആശുപത്രിയിലെ വിവിധ വിഭാഗം ഡോക്ടര്‍മാരുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടി സംസാരശേഷിയും ചലനശേഷിയും വീണ്ടെടുത്തത്.

ലഹരിക്കടിമയായ സഹയാത്രികന്റെ ക്രൂരതയ്ക്ക് ഇരയായി മരണത്തിന്റെ വക്കിലെത്തിയ ശ്രീക്കുട്ടി, അസാമാന്യമായ മനക്കരുത്തിലൂടെയാണ് സാധാരണ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്. തനിയെ ഭക്ഷണം കഴിക്കാനും നടക്കാനുമുള്ള ശേഷി വീണ്ടെടുത്ത ശ്രീക്കുട്ടി അമ്മ പ്രിയയ്‌ക്കൊപ്പം തിങ്കളാഴ്ച പാലോട്ടെ വീട്ടിലേക്ക് മടങ്ങി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here